ഫ്ളാഷ് മോബും ടാബ്ളോയുമായി പുകയിലവിരുദ്ധ ദിനാചരണം

കൊച്ചി: ലോക പുകയിലവിരുദ്ധ ദിനം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. വ്യത്യസ്തമായ ബോധവത്കരണ പരിപാടികളും, ഉദ്ഘാടന ചടങ്ങുകളുമായി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ദിനം സമുചിതമായി ആചരിച്ചു. പുകയിലയുടെ ഉപയോഗത്തിന്‍െറ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും പുകയില ഉപയോഗത്തില്‍നിന്നും പിന്തിരിപ്പിക്കാനും വേണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും മേയ് 31ന് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്. ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം ‘പുകയില ഉല്‍പന്നങ്ങള്‍ ഇനി അനാകര്‍ഷകമായ പൊതികളില്‍ മാത്രമാകട്ടെ’ എന്നതാണ്. ദിനാചരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം എറണാകുളം ലാലന്‍ ടവര്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നിയുക്ത എം.എല്‍.എ ഹൈബി ഈഡന്‍ നിര്‍വഹിച്ചു. കൊച്ചി മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ഹസീന മുഹമ്മദ് ദിനാചരണ സന്ദേശം നല്‍കി. കൊച്ചി നഗരസഭ കൗണ്‍സിലര്‍ ഗ്രേസ് ബാബു ജേക്കബ്, ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ആര്‍. ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ സ്വാഗതവും ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജിതേഷ് നന്ദിയും പറഞ്ഞു. ദിനാചരണത്തിന്‍െറ ഭാഗമായി മാലിപ്പുറം സാമൂഹികാരോഗ്യകേന്ദ്രം റിലയന്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്നൊരുക്കിയ ആരോഗ്യ ബോധവത്കരണ വാഹനം മേയര്‍ സൗമിനി ജയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു. എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് സദസ്യരുടെ ശ്രദ്ധയാകര്‍ഷിച്ചു. കടവന്ത്ര ഇന്ദിരാഗാന്ധി നഴ്സിങ് കോളജ് വിദ്യാര്‍ഥികള്‍ പുകവലിക്കെതിരെ ടാബ്ളോ ഒരുക്കി. എറണാകുളം ഗവ. നഴ്സിങ് സ്കൂള്‍, സെന്‍റ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്‍റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ ബോധവത്കരണ പ്രദര്‍ശനം ഒരുക്കി. പ്രദര്‍ശനത്തിന്‍െറ ഭാഗമായി എറണാകുളം സിറ്റിയിലെ പൊലീസുകാരനായ ചന്ദ്രബാബു ഷെട്ടി ഒരുക്കിയ പോസ്റ്റര്‍ ശ്രദ്ധേയമായി. ജില്ല മെഡിക്കല്‍ ഓഫിസിന്‍െറയും ആരോഗ്യകേരളത്തിന്‍െറയും ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.