ലഹരിക്കെതിരെ കര്‍മപദ്ധതി

കൊച്ചി: ജില്ലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ലഹരിവിപണനത്തിനെതിരെ കര്‍മപദ്ധതി ആവിഷ്കരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. സ്കൂളുകളുടെ പരിസരം ലഹരി മാഫിയയുടെ സ്വാധീനത്തിലാണെന്നും എക്സൈസ്, പൊലീസ് വിഭാഗങ്ങള്‍ കൂടുതല്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും വിഷയം അവതരിപ്പിച്ച ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് അബ്ദുല്‍ മുത്തലിബ് പറഞ്ഞു. വാഴക്കുളത്ത് ഒരു സ്കൂള്‍ അധികൃതരെ ഇത്തരക്കാര്‍ ഭീഷണിപ്പെടുത്തിയ സംഭവവും മുത്തലിബ് വിശദീകരിച്ചു. ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്നും സ്കൂളുകളെ അതീവ നിരീക്ഷണത്തില്‍ കൊണ്ടുവരണമെന്നും യോഗത്തില്‍ അധ്യക്ഷനായിരുന്ന എ.ഡി.എം സി.കെ. പ്രകാശ് എക്സൈസ്, പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ സ്കൂളധികൃതര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ബോധവത്കരണ ക്ളാസുകളും പ്രചാരണങ്ങളും തുടര്‍ച്ചയായി നടത്തിവരുന്നുണ്ടെന്ന് നാര്‍കോട്ടിക് സെല്ലിനു വേണ്ടി ഹാജരായ ഇന്‍ഫോപാര്‍ക്ക് സി.ഐ. നിസാമുദ്ദീന്‍ അറിയിച്ചു. ലഹരിക്കു കാരണമാകുന്ന പത്തെഡിന്‍ പോലെ ചിലയിനം മരുന്നുകളുടെ വിപണനം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അസി. ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മരുന്നുകടകള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസം, എക്സൈസ്, പൊലീസ്, സ്കൂള്‍ അധികൃതര്‍, പി.ടി.എ ഉള്‍പ്പെടുന്ന സമിതികള്‍ രൂപവത്കരിച്ച് ഇതിനെതിരെ കര്‍മപദ്ധതി ആവിഷ്കരിക്കാന്‍ എ.ഡി.എം നിര്‍ദേശിച്ചു. എം.എല്‍.എമാരായ എം. സ്വരാജ്, ആന്‍റണി ജോണ്‍, ജോണ്‍ ഫെര്‍ണാണ്ടസ്, വി.പി. സജീന്ദ്രന്‍, അനൂപ് ജേക്കബ്, റോജി എം. ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ ആസൂത്രണ സമിതി ഓഫിസര്‍ സാലി ജോസഫ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ഉദയംപേരൂര്‍, തൃപ്പൂണിത്തുറ നഗരസഭ, ഇടക്കൊച്ചി എന്നിവിടങ്ങളിലെ കുടിവെള്ളവിതരണ പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ എ.ഡി.എം വാട്ടര്‍ അതോറിറ്റി അധികൃതരോട് നിര്‍ദേശിച്ചു. എം. സ്വരാജ് എം.എല്‍.എയും തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്സന്‍ ചന്ദ്രികാദേവിയും ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എയും വിഷയം ഉന്നയിച്ചു. തിരുവാങ്കുളത്ത് റമ്പാന്‍കുന്ന് പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ളെന്ന് അനൂപ് ജേക്കബ് എം.എല്‍.എയും പറഞ്ഞു. പൂത്തൃക്കയില്‍ ചെക്ക് ഡാം നിര്‍മിക്കണമെന്ന വിഷയവുമായി ബന്ധപ്പെട്ട് പൊതുസമവായം രൂപപ്പെടുത്താന്‍ വാട്ടര്‍ അതോറിട്ടിയും പഞ്ചായത്ത് അധികൃതരും ശ്രമിക്കണമെന്ന് വി.പി. സജീന്ദ്രന്‍ എം.എല്‍.എ നിര്‍ദേശിച്ചു. മരങ്ങളുടെ ശിഖരങ്ങള്‍ അപകടം വരുത്തിവെക്കുന്നതാണെങ്കില്‍ അതു മുറിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല. അതാത് ഓഫിസ് പരിസരങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങളുടെ പട്ടിക അടുത്ത യോഗത്തിനു മുമ്പ് സമര്‍പ്പിക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് എ.ഡി.എം നിര്‍ദേശം നല്‍കി. തീരമേഖലയില്‍ കടലാക്രമണം ശക്തമാണെന്നും പ്രതിരോധത്തില്‍ വീഴ്ച വന്നിട്ടുണ്ടെന്നും ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ പറഞ്ഞു. അതേസമയം, കടല്‍ഭിത്തി നിര്‍മാണത്തിന് കരാറെടുക്കാന്‍ തയാറായി ആരും മുന്നോട്ടുവരുന്നില്ളെന്ന് മേജര്‍ ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു. മലയാറ്റൂരില്‍ കുടിവെള്ള വിതരണത്തിന് നിര്‍മിച്ച പമ്പ്ഹൗസിന്‍െറ കെട്ടിടം ചരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് റോജി എം. ജോണ്‍ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. ആലുവ താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ ലിഫ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ ഫണ്ട് നല്‍കാന്‍ ജില്ലാ പഞ്ചായത്ത് തയാറാണ്. കൂത്താട്ടുകുളം ടൗണില്‍ എം.സി റോഡില്‍ ഓടനിര്‍മാണപ്രശ്നം പരിഹരിക്കാന്‍ കെ.എസ്.ടി.പിയും തഹസില്‍ദാരും ശ്രമിക്കണമെന്ന് എ.ഡി.എം നിര്‍ദേശിച്ചു. പഴയ റോഡിന്‍െറ സര്‍വേ നിശ്ചയിക്കാന്‍ കഴിയാത്തതാണ് ഇവിടെ പ്രശ്നമായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.