ഇന്‍ഫോപാര്‍ക്കിന് സമീപം ലേബര്‍ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി ഭീഷണി

കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപം ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. നിയമങ്ങള്‍ പാലിക്കാത്ത ലേബര്‍ ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്‍ഫോ പാര്‍ക്കിലെ കെട്ടിട നിര്‍മാണത്തിനായി കൊണ്ടുവന്ന എഴുനൂറോളം അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളിലായിരുന്നു പരിശോധന. പാടം നികത്തിയ സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന ഷീറ്റുമേഞ്ഞ ഷെഡുകളിലാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത്. ലേബര്‍ ക്യാമ്പുകള്‍ ഉടന്‍ അടച്ചുപൂട്ടിയില്ളെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പുനല്‍കി. വൃത്തിഹീനമായ പരിസരത്ത് കക്കൂസ് മാലിന്യം ഉള്‍പ്പെടെ കെട്ടിക്കിടക്കുകയാണ്. മഴ കൂടിയായതോടെ ക്യാമ്പുകളില്‍ ഗുരുതര പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 25 ഷെഡുകളിലായി താമസിക്കുന്ന തൊഴിലാളികള്‍ക്ക് 45 താല്‍ക്കാലിക കക്കൂസുകളാണ് നിര്‍മിച്ചിരിക്കുന്നത്. കക്കൂസുകളില്‍ ഏറെയും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. 25 തൊഴിലാളികള്‍ വീതമാണ് ഇടുങ്ങിയ ഷെഡുകളില്‍ കഴിയുന്നത്. ക്യാമ്പില്‍ കുടിവെള്ളവും ലഭ്യമല്ല. ഒന്നര ഏക്കര്‍ പാടം നികത്തിയ സ്ഥലത്താണ് ലേബര്‍ ക്യാമ്പുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്‍ഫോപാര്‍ക്കില്‍ കെട്ടിടനിര്‍മാണം നടത്തുന്ന കരാറുകാരനുവേണ്ടിയാണ് ലേബര്‍ ക്യാമ്പുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലേബര്‍ ക്യാമ്പ് അടച്ചുപൂട്ടിയാല്‍ 700ഓളം തൊഴിലാളികള്‍ക്ക് താമസിക്കാന്‍ മറ്റൊരിടം ഇല്ലാത്തതിനാല്‍, ക്യാമ്പ് ഉടന്‍ അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ക്യാമ്പിലെ തൊഴിലാളികള്‍ക്ക് ചീഞ്ഞ ആഹാരപദാര്‍ഥങ്ങളും പലചരക്കുകളും വില്‍പന നടത്തിയിരുന്ന കട അധികൃതര്‍ അടച്ചുപൂട്ടി. തമിഴ്നാട് സ്വദേശിയാണ് ലേബര്‍ ക്യാമ്പിന് സമീപം കട നടത്തിയിരുന്നത്. ഇന്‍ഫോ പാര്‍ക്കിനകത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിലും അധികൃതര്‍ പരിശോധന നടത്തി. ഇവിടെനിന്ന് ടെക്കികള്‍ക്ക് വില്‍പന നടത്തിയിരുന്ന പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹോട്ടലിനു സമീപം അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന ഓടയില്‍ നിന്ന് കൊതുകു ശല്യവും രൂക്ഷമായിരുന്നു. അഴുക്കുവെള്ളവും പരിസര ശുചീകരണവും മൂന്നു ദിവസത്തിനകം നടത്തണമെന്നാവശ്യപ്പെട്ട് അധികൃതര്‍ ഹോട്ടല്‍ ഉടമക്ക് നോട്ടീസ് നല്‍കി. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്‍െറ ഭാഗമായാണ് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ, ലേബര്‍ വകുപ്പ് ഡിപ്പാര്‍ട്മെന്‍റുകള്‍ സംയുക്ത പരിശോധന നടത്തിയത്. ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ പി.എന്‍.ശ്രീനിവാസന്‍, അസി.ലേബര്‍ ഓഫിസര്‍ ചിന്നന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.