പട്ടികജാതി/വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം: നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം

കൊച്ചി: ജില്ലയില്‍ പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അന്വേഷണ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശം നല്‍കി. ഇത്തരം കേസുകളുടെ അവലോകനത്തിനായി വ്യാഴാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ അബ്ദുല്‍ സത്താര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മട്ടാഞ്ചേരി എ.സി.പി എസ്. വിജയന്‍ ഉള്‍പ്പെടെയുള്ള പൊലീസ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. 2015-’16 വര്‍ഷങ്ങളില്‍ കൊച്ചി സിറ്റി പൊലീസിന്‍െറ പരിധിയില്‍ 28 കേസുകളും റൂറല്‍ പൊലീസിന്‍െറ പരിധിയില്‍ 24 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടു വിഭാഗങ്ങളിലും പട്ടികവര്‍ഗക്കാര്‍ക്കെതിരായ ഓരോ കേസും ഇതില്‍പ്പെടുന്നു. കൊച്ചി സിറ്റി പൊലീസിന്‍െറ പരിധിയില്‍ 15 കേസുകളില്‍ അന്വേഷണം നടക്കുകയാണ്. കേസുകളുമായി ബന്ധപ്പെട്ട് ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതില്‍ ഒരുമാസത്തിലേറെ കാലതാമസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജാതി സര്‍ട്ടിഫിക്കറ്റും സൈറ്റ് മാപ്പും ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായി ഉദ്യോഗസ്ഥര്‍ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. വ്യാജപരാതികള്‍ വര്‍ധിക്കുന്നതായി യോഗം വിലയിരുത്തി. കാമുകന്‍െറ ഫോണ്‍ കളഞ്ഞുപോയതിന്‍െറ പേരില്‍ വിളിക്കാന്‍ കഴിയാത്തതിന് അയാള്‍ ഉപേക്ഷിച്ചെന്ന ധാരണയില്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടി നല്‍കിയ പരാതി വ്യാജമാണെന്നു തെളിഞ്ഞത് പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. വ്യാജ പരാതിക്കാര്‍ക്കെതിരെ എന്തുചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് കൂടുതല്‍ നിയമോപദേശം തേടാനും യോഗത്തില്‍ തീരുമാനിച്ചു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന് അടിയന്തര ചികിത്സാസഹായമായി 5000 രൂപ കൈമാറിയെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ജിഷാ കേസില്‍ അടുത്തമാസം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗം വിലയിരുത്തി. ഒരുവര്‍ഷം പൂര്‍ത്തിയായ കേസുകളില്‍ നടപടികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.