ഭൂതത്താന്‍കെട്ടിലെ പുതിയ പാലം നിര്‍മാണം നിയമക്കുരുക്കിലേക്ക്

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന് സമാന്തരമായി പെരിയാറിന് കുറുകെ പണിയുന്ന പാലത്തിന്‍െറ നിര്‍മാണം നിയമകുരുക്കിലേക്ക്. ഇ-ടെന്‍ഡര്‍ വഴി നടത്തിയ കരാര്‍ നടപടികളെ ചോദ്യം ചെയ്ത് കുറഞ്ഞ തുക ടെന്‍ഡര്‍ നല്‍കിയ കമ്പനി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. 17.70 കോടി രൂപക്ക് മൂവാറ്റുപുഴ ആസ്ഥാനമായ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ എടുത്തിരിക്കുന്നത്. ഇതിലും 86 ലക്ഷം രൂപ കുറച്ച് ടെന്‍ഡര്‍ നല്‍കിയ കമ്പനിയെ മറികടന്ന് ഈ കമ്പനിക്ക് നല്‍കിയെന്നാണ് പരാതി. ഹൈകോടതിയില്‍ നല്‍കിയ പരാതിയില്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് അനുസരിച്ചായിരിക്കും ടെന്‍ഡര്‍ എന്ന് കോടതി ഉത്തരവ് നിലനില്‍ക്കെ രണ്ട് ദിവസം മുമ്പാണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. ഇരുകരയിലെയും ഭൂമി നിരപ്പാക്കല്‍ ജോലികളാണ് ആദ്യഘട്ടമെന്ന നിലയില്‍ ആരംഭിച്ചത്. പെരിയാര്‍വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ നിലവിലെ ഡാമിന് അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഡാം സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കാലപ്പഴക്കമായ ബാരേജിന് ബലക്ഷയം കണ്ടത്തെിയിരുന്നു. ഭാരവണ്ടികള്‍ ഉള്‍പ്പെടെ ബാരേജിന് മുകളിലൂടെ സഞ്ചരിക്കുന്നത് അപകടമാണെന്ന അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ പാലം പണിയുന്നത്. നിര്‍ദിഷ്ട പാലത്തിന് 231 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയുമാണ്. ഡാമിന് സുരഷ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായാണ് 20 കോടി രൂപ ചെലവില്‍ പാലം നിര്‍മിക്കുന്നത്. പുതിയ പാലം പൂര്‍ത്തിയാകുന്നതോടെ നിലവില്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന ബാരേജിനോട് അനുബന്ധമായുള്ള പാലം അടക്കും. കേസ് കോടതി പരിഗണിക്കുന്നതിനിടെ നിര്‍മാണ ജോലി ആരംഭിച്ചത് കോടതി അലക്ഷ്യമാണെന്നാണ് കേസ് നല്‍കിയവരുടെ ആക്ഷേപം. കൂടാതെ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിയന്ത്രണം നിലനില്‍ക്കെ മേയ് 18നാണ് കരാര്‍ നടപടി പൂര്‍ത്തിയാക്കിയത്. ഭൂതത്താന്‍കെട്ട് ഡാമിന് സമീപത്തെ തടയണ നിര്‍മാണം കൂടിയ തുകക്ക് ടെന്‍ഡര്‍ ഉറപ്പിച്ചതിന് കോടതി ഇടപ്പെട്ട് നിര്‍മാണം തടസ്സപ്പെട്ട് കിടക്കുകയാണ്. എന്നാല്‍, ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ളെന്ന നിലപാടിലാണ് ജലവിഭവ ഉന്നത ഉദ്യോഗസ്ഥര്‍. പരാതിക്കാരന് ടെന്‍ഡറില്‍ നിര്‍ദേശിച്ച മതിയായ യോഗ്യതകള്‍ ഇല്ലാത്തതാണ് ഒഴിവാക്കിയെതെന്നും തെരഞ്ഞെടുപ്പ് കമീഷന്‍െറ പ്രത്യക അനുമതിയോടെയാണ് ടെന്‍ഡര്‍ നടപടി നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലത്തിന്‍െറ നിര്‍മാണത്തിന് ലോകബാങ്കാണ് ഫണ്ട് ലഭ്യമാക്കുന്നത്. നിബന്ധനപ്രകാരം നിര്‍മാണം 2018 മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കണം. കേസ് ഉടന്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് അടിയന്തര നോട്ടീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.