ലൈസന്‍സ് പുതുക്കാന്‍ അണിയറ നീക്കം

പിറവം: പിറവത്തെ ഇഷ്ടിക നിര്‍മാണയൂനിറ്റുകള്‍ക്ക് ലൈസന്‍സ് പുന$സ്ഥാപിക്കാന്‍ അണിയറ നീക്കം തകൃതി. നഗരസഭാ പ്രദേശത്ത് അഞ്ച് വാര്‍ഡുകളിലായി 14 ഇഷ്ടികക്കളങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. കളമ്പൂര്‍, പാഴൂര്‍, മുളക്കുളം പ്രദേശങ്ങളിലാണ് ഇഷ്ടികക്കളങ്ങളുള്ളത്. 13 എണ്ണം ലൈസന്‍സോടുകൂടിയും ഒരെണ്ണം ലൈസന്‍സില്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നത്. കളങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് പഠിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ സബ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. സമഗ്ര സര്‍വേ നടത്തിയ കമ്മിറ്റി ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. കളങ്ങളുടെ പ്രവര്‍ത്തനംമൂലം നെല്‍പാടങ്ങള്‍ പൂര്‍ണമായി നശിക്കുമെന്നും ഗുരുതര പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നെന്നും സബ് കമ്മിറ്റി കണ്ടത്തെി. ഇഷ്ടികകള്‍ക്ക് നിറം പകരാനും പെട്ടെന്ന് ഉണങ്ങാനും പ്രയോഗിക്കുന്ന രാസവസ്തുക്കള്‍ മാരകരോഗങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പരമാവധി മൂന്നരമീറ്റര്‍ വരെ താഴ്ത്തി മണ്ണെടുക്കാനാണ് അനുമതിയുള്ളത്. എന്നാല്‍, 15മീറ്റര്‍ വരെയാണ് പാടശേഖരങ്ങള്‍ താഴ്ത്തിയിട്ടുള്ളത്. ഗര്‍ത്തങ്ങള്‍ പിന്നീട് പഴയ ബില്‍ഡിങ്ങുകളുടെ അവിശിഷ്ടങ്ങളിട്ട് നികത്തുന്നതിനാല്‍ ഈ ഭൂമിയില്‍ ഒന്നും നട്ടുവളര്‍ത്താനാവുകയുമില്ല. പ്രദേശങ്ങള്‍ കാലങ്ങളോളം വെള്ളക്കെട്ടായി കിടക്കുകയും ചെയ്യും. ഒരാഴ്ചയായി നടന്ന ഗ്രാമസഭകളിലെല്ലാംതന്നെ ഇഷ്ടികക്കളങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, സര്‍വകക്ഷി യോഗം വിളിച്ച് സമവായമുണ്ടാക്കി തുടര്‍ന്ന് ലൈസന്‍സ് ലഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. യു.ഡി.എഫ് മുനിസിപ്പല്‍ ഭരണത്തില്‍ ഇതിന് നീക്കമുണ്ടായാല്‍ സമരവുമായി മുന്നിട്ടിറങ്ങുമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഇഷ്ടികനിര്‍മാണ മുതലാളിമാര്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി നല്ല ബന്ധമാണുള്ളത്. എങ്ങനെയും ലൈസന്‍സ് പുതുക്കിയെടുക്കാന്‍ ശ്രമം നടക്കുകയാണ്. പ്രാ¤േദശിക ഭരണസമിതിക്ക് വെളിയില്‍ രാഷ്ട്രീയ കക്ഷിനേതാക്കളുമായി ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാനും ശ്രമം നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.