ആഗസ്റ്റ് ഒന്നിനകം തീര്‍ക്കുമെന്ന് പി.ഡബ്ള്യു.ഡി; സാധിക്കില്ളെന്ന് നഗരസഭ

കൊച്ചി: ആഗസ്റ്റ് ആരംഭത്തില്‍ കൊച്ചി നഗരത്തിലെ റോഡുകളിലെ കുഴിയടക്കണമെന്ന നിര്‍ദേശം നടപ്പാകുമെന്ന കാര്യത്തില്‍ സംശയം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണെന്നും ആഗസ്റ്റ് ആദ്യ ആഴ്ചക്കു ശേഷമേ മുഴുവന്‍ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് പറഞ്ഞു. ഹോസ്പിറ്റല്‍ റോഡിന്‍െറ അറ്റകുറ്റപ്പണികള്‍ ഏകദേശം പൂര്‍ത്തിയായി. തമ്മനം-പുല്ളേപ്പടി റോഡ് അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കും. മെഡിക്കല്‍ ട്രസ്റ്റ് റോഡ് പണി പുരോഗമിക്കുകയാണെന്നും ചിറ്റൂര്‍ റോഡിലെ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ തെളിഞ്ഞത് റോഡുപണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. എങ്കിലും ആഗസ്റ്റ് പത്താം തീയതിയോടെ മാത്രമേ നഗരസഭയുടെ അധീനതയിലുള്ള മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമരാമത്തിന്‍െറ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി 80 ശതമാനത്തോളം പൂര്‍ത്തിയായെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വാദം. എം.ജി റോഡ്, ബാനര്‍ജി റോഡ്, ഇടപ്പള്ളി-ഹൈകോടതി റോഡ്, ഹോസ്പിറ്റല്‍ റോഡ്, വൈറ്റില-പേട്ട റോഡ്, പാര്‍ക് അവന്യൂ റോഡ്, പാലാരിവട്ടം-കാക്കനാട് റോഡ്, പനമ്പിള്ളി നഗര്‍ റോഡ് എന്നിവയാണ് പൊതുമരാമത്ത് വകുപ്പിന്‍െറ അധീനതയിലുള്ളത്. ഇതില്‍ മിക്ക റോഡുകളിലെയും കുഴിയടക്കല്‍ ജോലികള്‍ പൂര്‍ത്തിയായി. റോഡ് അറ്റകുറ്റപ്പണിക്ക് ഫണ്ടിന്‍െറ അപര്യാപ്തതയുണ്ട്. എങ്കിലും അനുവദിച്ച സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൊവ്വാഴ്ച ചേരുന്ന യോഗത്തിനുശേഷം മാത്രമാണ് അടുത്തഘട്ടം അറ്റകുറ്റപ്പണിക്കുള്ള ഫണ്ടിന്‍െറ കാര്യത്തില്‍ തീരുമാനമാകുകയുള്ളൂവെന്നും ഉദ്യോഗസ്ഥ അറിയിച്ചു. മെട്രോ നിര്‍മാണം ഇഴയുന്നതിനാല്‍ കെ.എം.ആര്‍.എല്ലിന് ഉത്തരവാദിത്തമുള്ള സ്ഥലങ്ങളിലാണ് ഇപ്പോഴും അറ്റകുറ്റപ്പണികള്‍ ഇഴയുന്നത്. മഴയില്ലാത്തതിനാല്‍ പ്രവൃത്തി വേഗത്തില്‍ നടക്കുന്നുണ്ട്. ആഗസ്റ്റ് ഒന്നോടെ പൊതുമരാമത്തിന്‍െറ കൈവശമുള്ള റോഡുകള്‍ ഗതാഗതയോഗ്യമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ ആഗസ്റ്റ് 15നകം പൊതുമരാമത്ത് റോഡുകളുടെ പ്രശ്നം പരിഹരിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍, നഗരസഭയുടെ കീഴിലുള്ള ചെറു റോഡുകളിലെ കുഴിയടക്കല്‍ പ്രവൃത്തിക്ക് വേഗം പോരെന്നാണ് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും അഭിപ്രായം. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന പല റോഡുകളും ഇപ്പോഴും തകര്‍ന്നു തന്നെയാണ്. പൊതുമരാമത്ത് റോഡുകളും അധികൃതര്‍ പറയുന്നതു പോലെയല്ളെന്നും ആഗസ്റ്റ് ഒന്നിനുമുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാകുമെന്ന് കരുതുന്നില്ളെന്നും വാഹന ഉടമകളും ഡ്രൈവര്‍മാരും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.