ലഹരിയില്‍ വളയം പിടിച്ച സ്കൂള്‍ ബസ് ഡ്രൈവറടക്കം 15 പേര്‍ പിടിയില്‍

ആലുവ: മദ്യപിച്ച് വാഹനമോടിച്ചവരെ ആലുവ പൊലീസ് പിടികൂടി. സ്കൂള്‍ ബസ് ഡ്രൈവറടക്കം 15 പേരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാര്‍ കുടുങ്ങിയത്. ആലുവയില്‍നിന്ന് അങ്കമാലി, എറണാകുളം, വരാപ്പുഴ റൂട്ടുകളിലോടുന്ന നാലു ബസുകളിലെ ഡ്രൈവര്‍മാരും പിടിയിലായവരില്‍ പെടും. ഒരു കുടിവെള്ള ടാങ്കറിന്‍െറ ഡ്രൈവറും കുടുങ്ങി. ഇവരുടെ ലൈസന്‍സുകള്‍ ആറു മാസത്തേക്ക് റദ്ദാക്കാന്‍ ആര്‍.ടി.ഒ അധികൃതരോട് ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ബസ് ജീവനക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് പരാതികള്‍ ലഭിക്കുന്നുണ്ട്. രാത്രി സര്‍വിസ് കഴിഞ്ഞ ശേഷം ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ ബസിനകത്തിരുന്ന് തന്നെ മദ്യപിക്കുന്നുണ്ട്. രാത്രി അവസാന ട്രിപ്പിന് മുമ്പായി സ്റ്റാന്‍ഡിലും മറ്റും വിവിധ ബസുകളിലെ ജീവനക്കാര്‍ കൂടിയിരുന്ന് മദ്യപിക്കുന്നുണ്ടെന്നും പരാതികളുണ്ട്. പുലര്‍ച്ചെ വീണ്ടും ബസില്‍ ജോലിചെയ്യേണ്ട ഡ്രൈവര്‍മാരടക്കമുള്ളവരാണ് ഇത്തരത്തില്‍ രാത്രി വൈകിയും മദ്യപിക്കുന്നത്. അമിതമായി മദ്യപിക്കുന്ന ഇവര്‍ മദ്യലഹരി ഒഴിയും മുമ്പുതന്നെ വീണ്ടും വാഹനമോടിക്കുന്നതായും പൊലീസ് പറയുന്നു. രണ്ടുമാസം മുമ്പ് ഇത്തരത്തില്‍ 18 പേരെ പിടികൂടിയിരുന്നു. എന്നാല്‍, ഇവര്‍ക്കെതിരെ കാര്യമായ നടപടികളൊന്നും ഉണ്ടായില്ളെന്നാണറിയുന്നത്. അതുകൊണ്ടാണ് ഈ പ്രവൃത്തി ആവര്‍ത്തിക്കപ്പെടുന്നതെന്നും ആക്ഷേപമുണ്ട്. വരുംദിവസങ്ങളിലും പരിശോധനകള്‍ നടത്താനാണ് പൊലീസ് തീരുമാനം. പിടികൂടിയ സ്കൂള്‍ ബസില്‍ ഇരുപതോളം കുട്ടികളുണ്ടായിരുന്നു. ഇവരെ മറ്റൊരു വാഹനത്തില്‍ സ്കൂളിലത്തെിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.