പശ്ചിമകൊച്ചി പനിച്ചു വിറക്കുന്നു; ആശുപത്രികളില്‍ രോഗികളുടെ തിരക്ക്

മട്ടാഞ്ചേരി: പശ്ചിമകൊച്ചി പനിച്ചു വിറക്കുകയാണ്. ഡെങ്കിപ്പനിയടക്കം പലവിധത്തിലുള്ള പകര്‍ച്ചപ്പനികള്‍ പടരുമ്പോഴും ആരോഗ്യ വിഭാഗം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ളെന്ന് ആക്ഷേപം. തിങ്കളാഴ്ച കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ രോഗികളുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഒ.പി വിഭാഗത്തില്‍ ഡോക്ടറെ കാണാനുള്ള രോഗികളുടെ ഊഴം കാത്ത് വരി ആശുപത്രി കവിഞ്ഞ് റോഡിലേക്ക് നീണ്ടു. ചികിത്സ തേടിയത്തെിയവര്‍ മണിക്കുറുകളാണ് ക്യൂവില്‍ കാത്ത് നിന്നത്. ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലും അസാമാന്യമായ തിരക്ക് അനുഭവപ്പെട്ടു. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ചികിത്സ തേടി ഏറെ പേര്‍ എത്തിയിരുന്നു. പകര്‍ച്ചപ്പനി പടര്‍ന്ന് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലും കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കുന്നതിനു് ആരോഗ്യ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. സാധാരണയായി കാലവര്‍ഷമത്തെുന്നതിന് മുന്‍പായി രോഗ പ്രതിരോധ നടപടികള്‍ നഗരസഭ കൈക്കൊള്ളാറുണ്ടെങ്കിലും ഇക്കുറി കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കാലവര്‍ഷത്തിനു മുന്‍പായി കല്‍വത്തി, രാമേശ്വരം കനാലുകളുടെ ശുചീകരണം, ഓടകള്‍ വൃത്തിയാക്കല്‍ എന്നിവക്ക് ഫണ്ട് അനുവദിച്ചെങ്കിലും നാമമാത്രമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നത്. കനാലില്‍നിന്നും കാനകളില്‍നിന്നും കോരി വെച്ച ചെളിയടക്കമുള്ള മാലിന്യങ്ങള്‍ പലയിടത്തും നീക്കം ചെയ്യാത്തതിനാല്‍ തിരികെ ഈ മാലിന്യങ്ങള്‍ കനാലുകളിലും, കാനകളിലും പതിക്കുകയായിരുന്നു. കനാലില്‍ നിന്നും കോരിയിട്ട ചെളി ഫോര്‍ട്ടുകൊച്ചി ആശുപത്രിക്ക് സമീപത്ത് തള്ളിയതും ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കുറി കൊതുക് നശീകരണത്തിന് ഫോഗിങ് അടക്കമുള്ള കാര്യമായ നടപടികള്‍ നഗരസഭ കൈക്കൊള്ളാത്തത് കൊതുകുകള്‍ പെരുകാന്‍ ഇടയാക്കിയതായി സന്നദ്ധ സംഘടനകളും ആരോപിക്കുന്നു. ഇതാണ് ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ വ്യാപകമാകുന്നതിന് ഇടയാക്കിയതെന്നും സംഘടനാ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. ആരോഗ്യ വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ നടന്നെങ്കിലും കാര്യമായ ഫലപ്രാപ്തി ഉണ്ടായില്ളെന്നാണ് ആക്ഷേപം. നഗരസഭയുടെ നേതൃത്വത്തില്‍ സൗജന്യ ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തുവെങ്കിലും പേരിനുമാനമാത്രമായെന്നാണ് പരാതി. കര്‍ക്കിടമാസമായതോടെ കാലവര്‍ഷം കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് രോഗ പ്രതിരോധത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.