കെ.ബി.പി.എസിലെ മരം മുറി: വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

കൊച്ചി: വനം വകുപ്പിന്‍െറ കാലാഹരണപ്പെട്ട ഉത്തരവിന്‍െറ മറവില്‍ കാക്കനാട്ടെ കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്) വളപ്പില്‍നിന്ന് മരങ്ങള്‍ മുറിച്ച് കടത്തിയത് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള നദീതീര സംരക്ഷണ സമിതി പ്രസിഡന്‍റുമായ പ്രഫ. എസ്. സീതാരാമന്‍ വിജിലന്‍സ് ഡയറക്ടറെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ചാണ് പരാതി നല്‍കിയത്. വനം വകുപ്പിന്‍െറ പരിസ്ഥിതി കമ്മിറ്റി അംഗമായ പ്രഫ. എസ്. സീതാരാമനെ അറിയിക്കാതെ 2011 ഡിസംബറില്‍ അന്നത്തെ എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ മരം മുറിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. വനം വകുപ്പിന്‍െറ പഴയ ഉത്തരവിന്‍െറ മറവില്‍ കെ.ബി.പി.എസ് വളപ്പിലെ 350 തേക്ക് ഉള്‍പ്പെടെ വെട്ടി കടത്തിയതില്‍ രണ്ടുകോടി രൂപയുടെ നഷ്ടം വരുത്തിയതായാണ് പരാതി. 2011ല്‍ കെ.ബി.പി.എസിലെ മരങ്ങള്‍ക്ക് വനം വകുപ്പ് ഒന്നരലക്ഷം രൂപയാണ് വില നിശ്ചയിച്ചിരുന്നത്. കെ.ബി.പി.എസ് അധികൃതര്‍ പുനര്‍ നിര്‍ണയം നടത്താതെ അഞ്ച് വര്‍ഷത്തിനു ശേഷം മരങ്ങള്‍ മുറിച്ച് കടത്തുകയായിരുന്നു. 350 തേക്ക് മരങ്ങളില്‍ ഒരോന്നിനും 50,000 മുതല്‍ ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്നാണ് വനം വകുപ്പിന്‍െറ പരിസ്ഥിതി കമ്മിറ്റി അംഗം കൂടിയായ പ്രഫ. സീതാരാമന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. 2011ല്‍ വനം വകുപ്പ് നിയമപ്രകാരമുള്ള പരിശോധന നടത്താതെയാണ് അനുമതി നല്‍കിയത്. രണ്ട്-മൂന്ന് മാസം മുമ്പ് കൊടുംവേനലില്‍ കെ.ബി.പി.എസ് വളപ്പില്‍നിന്ന് വെട്ടിക്കടത്തിയ മരങ്ങള്‍ക്ക് പുനര്‍ വിലനിര്‍ണയം നടത്താതിരുന്നത് മൂലം സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടത്തിന് ഇടയാക്കിയിട്ടുണ്ടെന്നും പരാതിക്കാരന്‍ ആരോപിച്ചു. മുറിക്കേണ്ട മരങ്ങള്‍ പൊതുമരാമത്തിനെ അറിയിക്കാതെ ലേലം ചെയ്യാതിരുന്നതിലും അഴിമതിയുണ്ട്. മരങ്ങള്‍ രഹസ്യമായി മുറിച്ച് ഉരുപ്പടികള്‍ ഉണ്ടാക്കിയതിലും ദുരൂഹതയുണ്ട്. വനം വകുപ്പിനും സര്‍ക്കാറിനും ലഭിക്കേണ്ട കോടികള്‍ നല്‍കാതെയാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്. മുറിച്ച മരങ്ങള്‍ പൂര്‍ണമായും കെ.ബി.പി.എസില്‍ ഫര്‍ണിച്ചര്‍ നിര്‍മാണത്തിനും ബാക്കി കാന്‍റീനില്‍ വിറകായും ഉപയോഗിച്ചെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, മുറിച്ച തേക്ക് മരങ്ങളില്‍ നല്ല മരത്തടികള്‍ പുറത്ത് കടത്തിയതായും പരാതിക്കാരന്‍ ആരോപിച്ചു. നേരത്തേ എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ, കെ.ബി.പി.എസില്‍ പരിശോധന നടത്തി സംസ്ഥാന വനം വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനം വകുപ്പിന്‍െറ ഉത്തരവില്‍ മരം മുറിക്കാന്‍ കാലാവധി നിശ്ചയിച്ചിട്ടില്ളെങ്കിലും സാധാരണഗതിയില്‍ അനുമതി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുകയാണ് പതിവ്. എന്നാല്‍, അനുമതി നല്‍കി അഞ്ചുവര്‍ഷത്തിനു ശേഷം ഉത്തരവ് നടപ്പാക്കിയ കെ.ബി.പി.എസ് അധികൃതരുടെ നടപടി വനം വകുപ്പിന്‍െറ ചരിത്രത്തിലെ ആദ്യസംഭവമാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.