ദേശീയപാത കുരുതിക്കളമാകുന്നു

ചെങ്ങമനാട്: മരണക്കെണികള്‍ക്ക് പരിഹാരം കാണാത്ത ദേശീയപാത അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ഞായറാഴ്ച പുലര്‍ച്ചെ അത്താണി കേരള ഫാര്‍മസിക്ക് സമീപം കുറുന്തിലക്കോട്ട് ചിറയില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. തൃശൂര്‍ കാളത്തോട് പഴുവങ്കാരന്‍ വീട്ടില്‍ ആന്‍റണിയുടെ മകന്‍ മനു ആന്‍റണിയാണ് (35) മരിച്ചത്. റോഡില്‍ മഴവെള്ളവും, മാലിന്യവും കെട്ടിക്കിടന്നതിനാല്‍ വാഹനം തെന്നുകയും, നിയന്ത്രണംതെറ്റി സുരക്ഷ മതിലില്ലാത്ത ചിറയില്‍ തലകീഴായി മറിയുകയുമായിരുന്നു. വാഹനത്തിനടിയില്‍ കഴുത്തോളം ചെളിയില്‍ പൂണ്ടാണ് മനോജ് മരിച്ചത്. ഈ ഭാഗത്ത് റോഡില്‍ വളവുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ക്ക് അറിയാന്‍ മാര്‍ഗമില്ല. വഴി വിളക്കുകളോ റിഫ്ളെക്ടറുകളോ മറ്റ് സൂചന ബോര്‍ഡുകളോ ഇല്ല. പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യവും റോഡില്‍ വ്യാപകമാണ്. മഴയത്തും, രാത്രിയിലും അപകടത്തിന് സാധ്യത കൂടുതലാണ്. ഇവിടെ അപകടത്തില്‍ നിരവധി ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. പല പ്രതിഷേധങ്ങളും അരങ്ങേറിയിട്ടും ദേശിയപാത അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ദേശം, പറമ്പയം, കോട്ടായി, പോസ്റ്റാഫീസ് കവല, അത്താണി, കരിയാട്, ചെറിയവാപ്പാലശ്ശേരി, അങ്ങാടിക്കടവ്, കോതകുളങ്ങര, എളവൂര്‍ കവല വരെ റോഡില്‍ പലയിടത്തും പല വിധത്തിലുള്ള അപകട കെണികളാണ്. ദേശിയപാതയിലെ മരണക്കെണികള്‍ക്കെതിരെ പൊലീസും, മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും യഥാ സമയങ്ങളില്‍ ദേശിയപാത അധികൃതരെ പോരായ്മകളും, പരിഹാര സംബന്ധമായി റിപ്പോര്‍ട്ടും അറിയിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ളെന്നാണ് ആക്ഷേപം. സുരക്ഷ മതിലില്ലാത്ത കുറുന്തിലക്കോട്ട് ചിറക്ക് മുകളിലെ റോഡിലൂടെ വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ അടക്കമുള്ള കാല്‍നട യാത്രക്കാരും ഇതുവഴി സഞ്ചരിക്കുന്നത് ഭീതിയോടെയാണ്. റോഡില്‍ നിന്ന് മാലിന്യം തള്ളുമ്പോള്‍ ഏറെ ഭാഗവും റോഡില്‍ തന്നെയാണ് വീഴുന്നത്. അത് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വിനയാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.