ബാലാവകാശ കമീഷന്‍െറ ഉത്തരവ് വന്നിട്ട് ഒരുവര്‍ഷം: വെട്ടിക്കാട്ടുകുന്ന് അങ്കണവാടിക്ക് ഇനിയും സ്വന്തം സ്ഥലമായില്ല

പെരുമ്പാവൂര്‍: ഹൈകോടതിയുടെയും ബാലാവകാശ കമീഷന്‍െറയും ഉത്തരവ് വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും അങ്കണവാടി കെട്ടിടത്തിന് സ്ഥലം അനുവദിച്ചില്ളെന്ന് പരാതി. 14 വര്‍ഷത്തിലേറെയായി വാടക കെട്ടിടങ്ങളില്‍ മാറിമാറി പ്രവര്‍ത്തിക്കുന്ന വെങ്ങോല പഞ്ചായത്തില്‍ രണ്ടാം വാര്‍ഡിലെ മൂന്നാം നമ്പര്‍ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്ന ഹൈകോടതിയുടെയും സംസ്ഥാന ബാലാവകാശ കമീഷന്‍െറയും ഉത്തരവാണ് പാലിക്കപ്പെടാതെ കിടക്കുന്നത്. കോടതി ഉത്തരവ് പാലിച്ച് എത്രയും വേഗം ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭൂമിക്കു വേണ്ടി ഹൈകോടതിയില്‍ ഹരജി നല്‍കിയ മുന്‍ പഞ്ചായത്തംഗം ശിവന്‍ കദളി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. അങ്കണവാടി നിര്‍മിക്കാന്‍ സ്വന്തം സ്ഥലം ഇല്ലാത്തതിനാല്‍ രണ്ടാം വാര്‍ഡിലെ വെട്ടിക്കാട്ടുകുന്നിലുള്ള ഒന്നര ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍നിന്നും പത്ത് സെന്‍റ് അനുവദിക്കണമെന്ന് വെങ്ങോല പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സര്‍ക്കാര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും റിപ്പോര്‍ട്ട് നല്‍കാന്‍ താലൂക്ക് ഓഫിസില്‍ കാലതാമസം നേരിട്ടു. ഇതില്‍ പ്രതിഷേധിച്ച് 2013ല്‍ അന്നത്തെ വാര്‍ഡ് അംഗമായിരുന്ന ശിവന്‍ കദളി താലൂക്ക് ഓഫിസിന് മുന്നില്‍ സത്യഗ്രഹം നടത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തയാറായത്. എന്നാല്‍, പ്രസ്തുത ഭൂമി ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പെടുത്തി പതിച്ചു നല്‍കാന്‍ മാറ്റി വെച്ചതിനാല്‍ അനുവദിക്കാന്‍ കഴിയില്ളെന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് ഉത്തരവിട്ടു. ഇതിനെതിരെ ശിവന്‍ കദളി സംസ്ഥാന ബാലാവകാശ കമീഷനില്‍ ഹരജി സമര്‍പ്പിച്ചതിന്‍െറ അടിസ്ഥാനത്തില്‍ അങ്കണവാടിക്ക് ഭൂമി അനുവദിക്കാന്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ നല്‍കുകയായിരുന്നു. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ ഇപ്പോഴത്തെ അവസ്ഥ കുട്ടികളുടെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അങ്കണവാടിക്ക് സ്ഥിരമായ കെട്ടിടത്തിന് സമയബന്ധിതമായി സ്ഥലം അനുവദിക്കണമെന്നായിരുന്നു ബാലാവകാശ കമീഷന്‍െറ ഉത്തരവ്. വെട്ടിക്കാട്ടുകുന്നിലെ പട്ടയം നല്‍കാത്ത നാല് പ്ളോട്ടുകള്‍ അങ്കണവാടിക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നാല് പ്ളോട്ടുകള്‍ക്ക് പട്ടയം നല്‍കുന്നത് ഹൈകോടതി വിലക്കുകയും ചെയ്തു. തുടര്‍ന്ന് 2015 ജൂണില്‍ അങ്കണവാടിക്കാവശ്യമായ ഭൂമി അനുവദിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. എന്നാല്‍, രണ്ട് ഉത്തരവുകളും പാലിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തയാറായില്ല. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നടപടികള്‍ സ്വീകരിച്ചില്ളെങ്കില്‍ സത്യഗ്രഹമുള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.