തെരുവുനായ്ക്കളുടെ സങ്കേതമായി കാട് കയറിയ കമ്യൂണിറ്റി ഹാള്‍

ആലുവ: കാട് കയറിയ കമ്യൂണിറ്റി ഹാളും പരിസരവും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാകുന്നു. ആവശ്യമായ പരിചരണം ഇല്ലാത്തതിനാല്‍ കടുങ്ങല്ലൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളാണ് രണ്ട് വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്നത്. സമീപത്തെ റോഡിലൂടെ പോകുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. നായ്ക്കളെ ഭയന്ന് വിദ്യാര്‍ഥികളും സ്ത്രീകളും ഈ വഴിയിലൂടെ യാത്ര ചെയ്യാന്‍ മടിക്കുകയാണ്. ഹാളിന്‍െറ സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ മാലിന്യം കുമിഞ്ഞുകൂടിയതും നായ്ക്കള്‍ തമ്പടിക്കാന്‍ കാരണമാകുന്നു. മാലിന്യം നിക്ഷേപിക്കരുത് എന്നുള്ള ആരോഗ്യ വകുപ്പിന്‍െറ മുന്നറിയിപ്പ് ബാനര്‍ ഉണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്നത് തുടരുകയാണ്. കമ്യൂണിറ്റി ഹാള്‍ ഗേറ്റ് അടക്കാത്തതിനാലും പിന്നിലെ മതില്‍ പൊളിഞ്ഞുകിടക്കുന്നതിനാലും നായ്ക്കള്‍ വളപ്പില്‍ വിഹരിക്കുകയാണ്. പഞ്ചായത്തിലെ മറ്റു പലപ്രദേശങ്ങളിലും ഇത്തരത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് കുറുകെ നായ്ക്കള്‍ ചാടി അപകടം ഉണ്ടാക്കുന്നുണ്ട്. കമ്യൂണിറ്റി ഹാള്‍ തുറന്നുകൊടുക്കും എന്ന് പഞ്ചായത്ത് ഭരണസമിതി വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത്യാവശ്യ സംവിധാനങ്ങളും വൃത്തിയും ഇല്ലാത്തതിനാല്‍ ഹാള്‍ ഉപയോഗിക്കാന്‍ ആരും തയാറല്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിന് പഞ്ചായത്ത് പരിഹാരം കാണണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.