പൊലീസ് അനാസ്ഥ: തോട്ടുമുഖത്ത് കക്കൂസ് മാലിന്യം തള്ളി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ആലുവ: തോട്ടുമുഖം മേഖലയില്‍ പൊതുസ്ഥലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. വെള്ളിയാഴ്ച രാത്രിയും ജലസേചന കനാലില്‍ കക്കൂസ് മാലിന്യം തള്ളി. മാലിന്യം മൂലം ഗതികെട്ട നാട്ടുകാര്‍ ആലുവ-മൂന്നാര്‍ റോഡ് ഉപരോധിച്ചു. പൊലീസ് അനാസ്ഥയാണ് മാലിന്യം തള്ളുന്നത് പതിവായതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രികാല പൊലീസ് പട്രോളിങ് കാര്യക്ഷമമല്ളെന്ന് ആക്ഷേപമുണ്ട്. തോട്ടുമുഖം ഭാഗത്ത് ജലസേചന കനാലില്‍ തുടര്‍ച്ചയായി കക്കൂസ് മാലിന്യം തള്ളിയിട്ടും പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പോ പൊലീസ് അധികാരികളോ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരും റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളുമാണ് ആലുവ-മൂന്നാര്‍ റോഡ് ഉപരോധിച്ചത്. യുവാക്കളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് ഉപരോധത്തില്‍ പങ്കെടുത്തത്. രാവിലെ മാലിന്യം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചിരുന്നു. എന്നാല്‍, അധികൃതര്‍ നടപടിയെടുക്കാത്തതിനത്തെുടര്‍ന്ന് വൈകുന്നേരം മൂന്നിനാണ് നാട്ടുകാര്‍ ഉപരോധിച്ചത്. സ്ഥലത്തത്തെിയ ഡിവൈ.എസ്.പി വൈ.ആര്‍. റസ്റ്റം നാട്ടുകാരുമായി ചര്‍ച്ച നടത്തി. മാലിന്യം തള്ളിയവരെ ഉടന്‍ പിടികൂടുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കഴിഞ്ഞ രാത്രി മാലിന്യം തള്ളിയ വാഹനത്തിന്‍െറ ദൃശ്യം കവലയിലെ ഐ ബെല്‍ ഓഫിസില്‍ സ്ഥാപിച്ച കാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങളുടെ സീഡി പൊലീസിന് കൈമാറി. ഇതുപ്രകാരം വേഗത്തില്‍ നടപടി എടുക്കുമെന്ന് പൊലീസ് നല്‍കിയ ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ ഉപരോധം പിന്‍വലിച്ചത്. ഉപരോധ വിവരമറിഞ്ഞ് കീഴ്മാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയമാന്‍ അഭിലാഷ്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു. സംഭവം ആവര്‍ത്തിച്ചാല്‍ വലിയ സമരം ആരംഭിക്കുമെന്ന് വിവിധ കക്ഷിനേതാക്കളും നാട്ടുകാരും പറഞ്ഞു. ജലാശയം, പാടശേഖരം, പൊതുകാന, ആളൊഴിഞ്ഞ സ്ഥലം തുടങ്ങിയിടങ്ങളിലാണ് മാലിന്യം തള്ളുന്നത്. കുറച്ചുനാള്‍ മുമ്പ് കക്കൂസ് മാലിന്യം തള്ളുന്ന ലോബിയുടെ പ്രവര്‍ത്തനം മേഖലയില്‍ ഉണ്ടായിരുന്നു. നഗരങ്ങളിലെ ഫ്ളാറ്റുകള്‍, ഹോട്ടല്‍ അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് കക്കൂസ് മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുക്കുന്നവരാണ് രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നതെന്ന് ആക്ഷേപമുണ്ട്. കുപ്രസിദ്ധ ഗുണ്ടകള്‍ ഉള്‍ക്കൊള്ളുന്ന ക്വട്ടേഷന്‍ സംഘങ്ങളാണ് പലപ്പോഴും മാലിന്യനീക്കം കരാറെടുക്കുന്നത്. ഇത്തരം സംഘങ്ങളുടെ വാഹനങ്ങളും നാട്ടുകാര്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് പിടികൂടിയിരുന്നു. രാത്രികാലങ്ങളില്‍ പലസ്ഥലങ്ങളിലും നാട്ടുകാര്‍ ജാഗ്രതയോടെ നിലകൊണ്ടതിനത്തെുടര്‍ന്ന് മാലിന്യം തള്ളുന്ന സംഘങ്ങള്‍ മേഖലയില്‍നിന്ന് പിന്‍വലിഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും ഇക്കൂട്ടര്‍ മേഖലയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് ഇത്തരം മാലിന്യം ഗ്രാമപ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.