"കുഴി'യിലിറങ്ങി ചെളിവാരിയേറ്

കൊച്ചി: നഗരത്തിലെ റോഡുകള്‍ ആരു നന്നാക്കണമെന്ന തര്‍ക്കത്തില്‍ മന്ത്രിയും മേയറും നില്‍ക്കുമ്പോള്‍ ഉടന്‍ റോഡുകള്‍ നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്ന ഹൈകോടതി നിര്‍ദേശത്തിന് പുല്ലുവില. കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് നഗരത്തിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ഹൈകോടതി ഭരണസ്ഥാപനങ്ങളോട് ഉത്തരവിട്ടത്. എന്നാല്‍, നഗരത്തിലെ മിക്ക റോഡുകളിലെയും അവസ്ഥക്ക് മാറ്റം വന്നിട്ടില്ല എന്നതാണ് വാസ്തവം. ചിലയിടങ്ങളില്‍ ചില്ലറ പ്രവൃത്തികള്‍ നടക്കുന്നതൊഴിച്ചാല്‍ പ്രധാന റോഡുകളിലെ യാത്രയെല്ലാം നടുവൊടിക്കുന്നതുതന്നെ.കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയ്നും ഈ വിഷയത്തില്‍ പരസ്പരം പഴിചാരിയിരുന്നു. നഗരത്തില്‍ പി.ഡബ്ള്യു.ഡി റോഡുകള്‍ മൊത്തം കുളമാണെന്നായിരുന്നു മേയറുടെ പ്രസ്താവന. എന്നാല്‍, സ്വന്തം ജോലി നന്നായി ചെയ്യാന്‍ മേയറോട് പറഞ്ഞ് മന്ത്രി തിരിച്ചടിച്ചു. നഗരസഭയുടെ അധീനതയിലുള്ള റോഡുകളാണ് ഏറ്റവും മോശമെന്നും മന്ത്രി കുറ്റപ്പെടുത്തി. അതിനു മുമ്പ് കലക്ടര്‍ ജി. രാജമാണിക്യവും മേയര്‍ക്കെതിരെ രംഗത്തു വന്നിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ അവസ്ഥ ശോച്യാവസ്ഥയിലാണെന്ന് കാണിച്ച് കലക്ടര്‍ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എം.ജി റോഡ്, ബാനര്‍ജി റോഡ്,ഇടപ്പള്ളി-ഹൈകോടതി റോഡ്, ഹോസ്പിറ്റല്‍ റോഡ്, വൈറ്റില-പേട്ട റോഡ്, പാര്‍ക് അവന്യു റോഡ്, പാലാരിവട്ടം-കാക്കനാട് റോഡ്, പനമ്പിള്ളി നഗര്‍ റോഡ് എന്നിവയാണ് പൊതുമരാമത്ത് വകുപ്പിന്‍െറ അധീനതയിലുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന എം.ജി റോഡിന്‍െറ അവസ്ഥയാണ് ഏറെ പരിതാപകരം. മെട്രോ നിര്‍മാണവും മഴയും റോഡിന്‍െറ ശോച്യാവസ്ഥ വര്‍ധിപ്പിച്ചു. മിക്കയിടവും വെള്ളക്കെട്ടും രൂക്ഷം. ആഗസ്റ്റ് 15നകം പൊതുമരാമത്തിന്‍െറ ഉടമസ്ഥതയിലുള്ള റോഡുകളിലെ പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയാണ് മടങ്ങിയത്. സഹോദരന്‍ അയ്യപ്പന്‍ റോഡും നഗരസഭാ പരിധിയിലെ ചെറുറോഡുകളുമാണ് നഗരസഭയുടെ അധീനതയിലുള്ളത്. പൊതുജനം ഏറെ ആശ്രയിക്കുന്ന ചെറു റോഡുകള്‍ പലതും തകര്‍ന്നു. അതിനു പുറമേ, മഴക്കാലപൂര്‍വ ശുചീകരണം കാര്യക്ഷമമാക്കത്തതിനാല്‍ മാലിന്യ പ്രശ്നവും രൂക്ഷം. മഴക്കാലം ശക്തിപ്പെട്ടതിനാലാണ് റോഡ് നന്നാക്കല്‍ പ്രവൃത്തി മന്ദഗതിയിലായതെന്നാണ് നഗരസഭയുടെ വാദം. എങ്കിലും കഴിയുന്ന വേഗത്തില്‍ പ്രവൃത്തി മുന്നോട്ടുനീക്കുന്നുണ്ടെന്ന് നഗരസഭയും അവകാശവാദമുന്നയിക്കുന്നു. കലൂര്‍-കടവന്ത്ര റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ്, തൈക്കുടം ബണ്ട് റോഡ് എന്നിവ ഗ്രേറ്റര്‍ കൊച്ചി ഡെവലപ്മെന്‍റ് അതോറിറ്റിയുടെ നിയന്ത്രണത്തിലും ഇടപ്പള്ളി-വൈറ്റില ബൈപാസ് നാഷനല്‍ ഹൈവേ അതോറിറ്റിയുടെ കീഴിലുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.