പൊലീസ് സ്റ്റേഷന്‍ വളപ്പിലെ മരക്കൊമ്പ് ഒടിഞ്ഞുവീണു

മാവേലിക്കര: മാവേലിക്കര പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വൃക്ഷത്തിന്‍െറ ശിഖരം ഒടിഞ്ഞുവീണു. ഇതുവഴി വന്ന ഇരുചക്രവാഹനയാത്രികര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരം മൂന്നോടെ ശക്തമായ മഴയിലും കാറ്റിലുമായിരുന്നു സംഭവം. പൊലീസ് സ്റ്റേഷന്‍ വളപ്പിലെ പാഴ്മരത്തിന്‍െറ റോഡിലേക്ക് നിന്ന ശിഖരം ഒടിഞ്ഞുവീഴുകയായിരുന്നു. തിരുവല്ല-കൃഷ്ണപുരം സംസ്ഥാനപാതക്ക് അരികില്‍ ബുദ്ധജങ്ഷന് സമീപമാണ് പൊലീസ് സ്റ്റേഷന്‍. ഇതുവഴി കടന്നുപോയ മൂന്ന് ഇരുചക്രവാഹന യാത്രികരുടെ മുകളിലേക്കെന്നപോലെയാണ് മരം പതിച്ചതെന്നും ഓടിയിറങ്ങി നോക്കിയപ്പോള്‍ അവര്‍ക്കാര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലയെന്ന് മനസ്സിലായപ്പോഴാണ് നടുക്കം മാറിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. മാവേലിക്കര ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സിന്‍െറ കട്ടിങ് മെഷീന്‍ സ്റ്റാര്‍ട്ടാകാഞ്ഞതും ഗതാഗതതടസ്സം നീളാന്‍ കാരണമായി. കാലങ്ങളായി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ അപകടകരമായ നിലയില്‍ സ്ഥിതിചെയ്യുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ളെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇത്തരത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം നിരവധി മരങ്ങള്‍ അപകടകരമായ നിലയില്‍ നില്‍പ്പുണ്ടെന്നും ഇവ വെട്ടിമാറ്റാനുള്ള നടപടി ഉടന്‍ ആരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.