കൊച്ചി: കളമശ്ശേരിയിലെ കാന്‍സര്‍ സെന്‍ററിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. എന്നാല്‍, സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിക്കേണ്ടതിനാല്‍ ഒ.പി വിഭാഗം അടിയന്തരമായി തുടങ്ങാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ല. എത്രയും വേഗം അനുകൂലമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കളമശ്ശേരിയിലെ നിര്‍ദിഷ്ട കാന്‍സര്‍ സെന്‍റര്‍ സന്ദര്‍ശിച്ച ശേഷമാണ് ശൈലജ ടീച്ചര്‍ ഇക്കാര്യമറിയിച്ചത്. കളമശ്ശേരിയിലെ മെഡിക്കല്‍ കോളജിനായി തയാറാക്കിയ പേവാര്‍ഡാണ് പിന്നീട് കാന്‍സര്‍ ഒ.പി വിഭാഗത്തിനായി രൂപപ്പെടുത്തിയത്. ഇക്കാര്യത്തില്‍ വ്യക്തത ഇനിയും വരുത്തേണ്ടതുണ്ട്. സാധാരണ എം.ബി.ബി.എസ് ഡോക്ടര്‍മാരെ ഉപയോഗിച്ച് കാന്‍സര്‍ ഒ.പി തുടങ്ങുക സാധ്യമല്ല. സംസ്ഥാനത്തുടനീളം കാന്‍സര്‍ രോഗം പടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും വിദഗ്ധ ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന് സര്‍ക്കാറിനുണ്ട് മന്ത്രി പറഞ്ഞു. നേരത്തേ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച മന്ത്രി ഡോക്ടര്‍മാരുമായും ജീവനക്കാരുമായും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു. ആവശ്യത്തിനുള്ള ഡോക്ടര്‍മാരും ജീവനക്കാരും ഇനിയും ഇവിടെ ആയിട്ടില്ളെന്ന് ചര്‍ച്ചയില്‍ വ്യക്തമായി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ ചട്ടപ്രകാരം 200 ഡോക്ടര്‍മാര്‍ വേണം. പിന്നീടത് 181 ആക്കിയെങ്കിലും ഇവിടെയുള്ളത് 160 പേര്‍ മാത്രം. സ്പെഷാലിറ്റികളൊന്നും കാര്യമായി ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. കാര്‍ഡിയോളജി ഉള്‍പ്പെടെയുള്ള പ്രത്യേക വിഭാഗത്തിന്‍െറ പഠനത്തിന് കോട്ടയം മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. ആവശ്യത്തിന് സ്പെഷാലിറ്റി ഡോക്ടര്‍മാര്‍ ഇല്ലാതിരിക്കേ കൂടുതല്‍ ജില്ലകളില്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുകയെന്ന മുന്‍ സര്‍ക്കാര്‍ സമീപനമാണ് വല്ലാത്ത പ്രശ്നമുണ്ടാക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സഹകരണമേഖലയില്‍ ആയിരുന്ന കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. ജീവനക്കാരുടെ ലയനം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധരടങ്ങിയ ഒരു സമിതി യോഗം തന്നെ വിളിച്ചുകൂട്ടേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ., ജില്ലാകലക്ടറും കാന്‍സര്‍ സെന്‍റര്‍ സ്പെഷല്‍ ഓഫിസറുമായ എം.ജി. രാജമാണിക്യം, മുന്‍.എം.പി പി.രാജീവ്, മുന്‍ എം.എല്‍.എ. എ.എം.യൂസഫ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ.ശ്രീകല, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജയശ്രീ, സൂപ്രണ്ട് ഡോ. അനില്‍കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.