കളമശ്ശേരിയില്‍ മാലിന്യ നീക്കത്തില്‍ വന്‍ അഴിമതി –പ്രതിപക്ഷം

കളമശ്ശേരി: നഗരസഭ മാലിന്യനിര്‍മാര്‍ജനത്തിന് പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ ആരോപണം. നഗരസഭ ഡംബിങ്യാര്‍ഡിലെ മാലിന്യം ബ്രഹ്മപുരത്തെ മാലിന്യനിര്‍മാര്‍ജന കേന്ദ്രത്തിലേക്ക് എത്തിക്കാന്‍ ലക്ഷങ്ങള്‍ ചെലവിടുകയാണെന്നാണ് ആരോപണം. കൊച്ചിന്‍ കോര്‍പ്പറേഷനില്‍നിന്ന് 40 കി.മീറ്റര്‍ ദൂരത്തുള്ള ബ്രഹ്മപുരത്തേക്ക് മാലിന്യം എത്തിക്കാന്‍ വാടകയിനത്തില്‍ 2,647 രൂപയാണ് ചെലവ്. എന്നാല്‍, കളമശ്ശേരിയില്‍നിന്ന് വെറും 20 കി.മീറ്റര്‍ മാത്രം ദൂരമുള്ള ബ്രഹ്മപുരത്തേക്ക് മാലിന്യം എത്തിക്കാന്‍ ലോറി വാടകയായി കളമശ്ശേരി നഗരസഭ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത് 3,175 രൂപക്കാണ്. ഇത് തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഹെന്നി ബോബി ചോദ്യം ചെയ്തതോടെയാണ് സംഭവം വിവാദമായത്. വര്‍ഷം ലക്ഷക്കണക്കിന് രൂപ മാലിന്യനീക്കം നടത്തുന്ന വാഹനങ്ങള്‍ക്ക് നല്‍കുമ്പോള്‍ സ്വന്തമായി വാഹനം വാങ്ങാതിരിക്കുന്നതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് അവര്‍ ആരോപിച്ചു. നഗരസഭ ഡംബിങ്യാഡില്‍ മാലിന്യം കത്തിക്കുന്നതിന് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാന്‍ 45 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുള്ളതാണെന്നും ഇതിനായി എട്ടുലക്ഷം രൂപ മുന്‍കൂര്‍ നല്‍കിയെന്നും ഇത് സ്ഥാപിക്കുന്നതിന് ശുചിത്വമിഷന്‍െറ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ അധ്യക്ഷ കൗണ്‍സിലില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഒരു നടപടിയും ഉണ്ടായില്ളെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഫസ്റ്റ് ഗ്രേഡ് നഗരസഭയായി ഉയര്‍ത്തിയ കളമശ്ശേരി നഗരസഭയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ശുചീകരണ പ്രവര്‍ത്തനങ്ങളടക്കം ഗുരുതരമായി ബാധിക്കുന്നതായി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഒഴിവുള്ള തസ്തികകള്‍ പരിശോധിച്ച് കൂടുതല്‍ തസ്തികകള്‍ ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം സര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടുള്ളതാണെന്ന് അധ്യക്ഷ ജെസി പീറ്റര്‍ മറുപടി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.