എടവനക്കാട്ട് കടലാക്രമണം രൂക്ഷം; വീടുകളില്‍ വെള്ളം കയറി

വൈപ്പിന്‍: കാലവര്‍ഷം കനത്തതോടെ വൈപ്പിനിലെ തീരത്ത് കടലാക്രമണം. എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പ്രദേശങ്ങളില്‍ പലയിടത്തും കടലാക്രണമുണ്ട്. സൂനാമി ബാധിത പ്രദേശമായ എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ കടലാക്രമണം രൂക്ഷമാണ്. ചാത്തങ്ങാട് മുതല്‍ അണിയല്‍ വരെ പലയിടത്തും കടല്‍ഭിത്തിക്ക് മുകളിലൂടെയും കരിങ്കല്‍ക്കെട്ടിനിടയിലൂടെയും കടല്‍ കരയിലോട്ട് ഒഴുകുകയാണ്. രാവിലെ പത്തോടെ ആരംഭിക്കുന്ന കടല്‍കയറ്റം ഉച്ചക്ക് ഒന്നുവരെ നീളും. പിന്നീട് രാത്രിയിലെ വേലിയേറ്റ സമയത്ത് വീണ്ടും കടല്‍ കരയിലേക്ക് കയറും. ഒരാഴ്ചയായി ഈ അവസ്ഥ തുടരുന്നു. രണ്ടു ദിവസമായി ചാത്തങ്ങാട് കടപ്പുറത്ത് വയനാട് വീട്ടില്‍ ഷംസുദ്ദീന്‍, കറുത്താട്ടില്‍ അജ്മല്‍, സാഗര്‍, കരീം, അബ്ദു, അയൂബ്, ഹയറു, വെങ്ങാട്ട് തറ ഗോപി, ഷാജന്‍, ഷാജി, ഷാബു, ചാരുവാക്കത്തറ കുഞ്ഞപ്പന്‍, കണക്കശ്ശേരി അംബ്രോസ് എന്നിവരുടെ വീടുകളിലേക്ക് സ്ഥിരമായി വെള്ളം കയറുകയാണ്. തീരദേശറോഡും കവിഞ്ഞ് കരയിലേക്ക് ഒഴുകുന്ന കടല്‍വെള്ളത്തിനൊപ്പം റോഡുവക്കിലടിഞ്ഞ മാലിന്യങ്ങളും വീടുകളിലേക്ക് ഒഴുകുന്നതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ട്. നൂറുകണക്കിന് കുടുംബങ്ങള്‍ ഭീതിയോടെയാണ് തീരത്തെ വീടുകളില്‍ അന്തിയുറങ്ങുന്നത്. അതേസമയം, പുലിമുട്ടുള്ള ഭാഗങ്ങളില്‍ വെള്ളം കയറുന്നില്ല. കടല്‍ഭിത്തി നിര്‍മാണത്തിലെ പിഴവുമൂലമാണ് കടല്‍വെള്ളം കൂടുതലായി ഒഴുകിയത്തെുന്നതെന്നാണ് തീരദേശത്തുകാര്‍ പറയുന്നത്. ഭിത്തിക്കിടയില്‍ കരിങ്കല്‍ ചീളുകളുകളുടെ പാക്കിങ് പലയിടത്തും കടത്തുകഴിച്ചാണ് ചെയ്തിരിക്കുന്നത്. മാത്രമല്ല നായരമ്പലം വെളിയത്ത്പറമ്പ് കടപ്പുറത്ത് കടല്‍ഭിത്തിക്ക് തുണയായി ഭിത്തിയോട് ചേര്‍ന്ന് കിഴക്ക് ഭാഗത്തായി നിര്‍മിച്ചിട്ടുള്ള കരിങ്കല്‍വാട എടവനക്കാട് നിര്‍മിച്ചിട്ടില്ളെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എടവനക്കാട് ബീച്ചില്‍ കടല്‍കയറിയ സ്ഥലങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.യു. ജീവന്‍മിത്രയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. വൈസ് പ്രസിഡന്‍റ് ബിന്ദു ബെന്നി, പഞ്ചായത്തംഗങ്ങളായ റാണി രമേഷ്, സുജാത രവീന്ദ്രന്‍, വി.യു. ദാസന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെറി ബനഡിക്ട് എന്നിവരും സന്ദര്‍ശകസംഘത്തില്‍ ഉണ്ടായിരുന്നു. കടല്‍കയറ്റം രൂക്ഷമായ എടവനക്കാട് പഴങ്ങാട്, ചാത്തങ്ങാട് കടപ്പുറത്തുനിന്ന് തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.യു. ജീവന്‍മിത്ര അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തഹസില്‍ദാറുമായി സംസാരിച്ച് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കടല്‍ഭിത്തികള്‍ക്ക് സംരക്ഷണമായി പുലിമുട്ടുകള്‍ നിര്‍മിക്കണമെന്ന തീരദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഇക്കാര്യം എസ്. ശര്‍മ എം.എല്‍.എയുമായി ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്‍റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.