ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാരംഗത്ത് പുതിയ ചുവടുവെപ്പ്്

കൊച്ചി: ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ഹൃദ്രോഗ ശസ്ത്രക്രിയകള്‍ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒരുങ്ങി. 2015-16 സംസ്ഥാന ബജറ്റില്‍ അനുവദിച്ച കാത്ത്ലാബ് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനസജ്ജമായി. ചൊവ്വാഴ്ച രാവിലെ 11ന് കാത്ത്ലാബ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ അറിയിച്ചു. സാധാരണക്കാരായ ഒട്ടേറെ രോഗികള്‍ക്ക് ഉപകാരപ്രദമാകുന്ന കാത്ത്ലാബ് എറണാകുളം ജനറല്‍ ഹോസ്പിറ്റലിന്‍െറ ചരിത്രത്തിലെ ഒരുസുപ്രധാന ചുവടുവെപ്പാണ്. സര്‍ക്കാറിന്‍െറ വിവിധ ചികിത്സാ സഹായ പദ്ധതികള്‍കൂടി ക്രോഡീകരിച്ചാല്‍ സൗജന്യമായും അല്ലാതെയാണെങ്കില്‍ മറ്റ് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് വളരെകുറഞ്ഞ നിരക്കിലും ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ളാസ്റ്റിയും ഇവിടെ ചെയ്യാന്‍ സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു. എം.എല്‍.എ ഫണ്ടില്‍നിന്ന് 65 ലക്ഷം രൂപ മുടക്കി സ്ഥാപിച്ചിരിക്കുന്ന ‘അഡ്വാന്‍സ്ഡ് ഇന്‍ വാസീവ് കാര്‍ഡിയാക്ഡയഗ്നോസ്റ്റിക് ആന്‍ഡ് തെറപ്യൂട്ടിക് യൂനിറ്റി’ന്‍െറ ഉദ്ഘാടനവും കാത്ത്ലാബിനൊപ്പം നിര്‍വഹിക്കും. കാര്‍ഡിയാക് ഐ.സി.യുവിലുള്ള രോഗികളുടെ രക്ത സമ്മര്‍ദം, ഇ.സി.ജി, രക്തത്തിലെ ഓക്സിജന്‍െറ നില, ശരീരഊഷ്മാവ്, ശ്വാസഗതിമുതലായവ കൃത്യമായി നിരീക്ഷിക്കുന്ന കേന്ദ്രീകൃത മോണിറ്ററിങ് സംവിധാനം ഇതില്‍ പ്രധാനം. ശുദ്ധരക്തധമനിക്കകത്തുണ്ടാകുന്ന രക്തസമ്മര്‍ദംപോലും അനുനിമിഷം വീക്ഷിക്കാന്‍ ഇതില്‍ സംവിധാനമുണ്ട്. ഒരുസമയംതന്നെ എട്ട് രോഗികളെ നിരീക്ഷിക്കുന്നതിനാവശ്യമായ മെഷീനറികള്‍ ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അന്നനാളം വഴി ഹൃദയത്തിന്‍െറ സ്കാന്‍ അടുക്കാന്‍ സാധിക്കുന്ന നൂതന രീതിയിലുള്ള എക്കോകാര്‍ഡിയോഗ്രാം, ട്രെഡ്മില്‍ മെഷീന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞദിവസം ഹൃദയാഘാതം സംഭവിച്ച് ജനറല്‍ ഹോസ്പിറ്റലില്‍ എത്തി, പുതിയ കാത്ത്ലാബില്‍ ആദ്യമായി ആന്‍ജിയോ പ്ളാസ്റ്റിക്ക് വിധേയനായി വാര്‍ഡില്‍ സുഖംപ്രാപിച്ച് വരുന്ന ജോണ്‍ എന്ന രോഗിയെ എം.എല്‍.എ സന്ദര്‍ശിച്ചു. ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ഡാലിയ, ആര്‍.എം.ഒ ഡോ. ഹനീഷ്, കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. പോള്‍ തോമസ്, ഡോ. വിജോ ജോര്‍ജ് തുടങ്ങിയവര്‍ എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.