മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായി ജില്ലയില്‍ അംഗീകരിച്ച മൂന്ന് ബൈപാസുകളില്‍ രണ്ടെണ്ണം യാഥാര്‍ഥ്യമാകുന്നു. മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് രണ്ട് പതിറ്റാണ്ടിനുശേഷം ജീവന്‍വെക്കുന്നത്. രണ്ടും 45 മീറ്ററില്‍ നിര്‍മിക്കാനാണ് ധാരണ. ഇതിനായി നിലവില്‍ ഏറ്റെടുത്തതിനൊപ്പം ഇരുവശത്തുമായി 7.5 മീറ്റര്‍ സ്ഥലംകൂടി ഏറ്റെടുക്കും. 1996ല്‍ തീരുമാനിച്ച പദ്ധതിയാണ് രണ്ട് പതിറ്റാണ്ടിനുശേഷം യാഥാര്‍ഥ്യമാകാനൊരുങ്ങുന്നത്. നിലവില്‍ 30 മീറ്ററില്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 1996ല്‍ തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ ബൈപാസ് നിര്‍മിക്കാനായിരുന്നു തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച ബൈപാസുകളാണിത്. സ്ഥലമെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ അനന്തമായി നീണ്ടതോടെ പദ്ധതി ഫയലില്‍ ഉറങ്ങുകയായിരുന്നു. ഇതിനിടെ, പാതനിര്‍മാണത്തിന് അലൈന്‍മെന്‍റ് നിശ്ചയിച്ച് സ്വകാര്യവ്യക്തികളുടെ ഭൂമി കല്ലിടുകയും ചെയ്തു. എന്നാല്‍, 20 വര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല. ഇതോടെ ക്രയവിക്രയം ചെയ്യാന്‍ കഴിയാതെ ഏക്കറുകണക്കിന് ഭൂമി നിശ്ചലമായി. വിവിധ സര്‍ക്കാറുകളോട് പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഒന്നും ഫലം കാണാതെപോയി. ഇതിനിടെ, വിഷയം ജോയ്സ് ജോര്‍ജ് എം.പിയുടെ ശ്രദ്ധയില്‍പെടുകയും കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചനടത്തുകയും ചെയ്തു. നേരത്തേ നിശ്ചയിച്ച 30 മീറ്റര്‍ വീതി എന്നത് 45 മീറ്ററാക്കി വര്‍ധിപ്പിച്ചാല്‍ പദ്ധതിക്കാവശ്യമായ തുക അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. ഇതോടെ വിശദ പ്ളാന്‍ തയാറാക്കാന്‍ പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തി. രണ്ടുമാസത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ പുതിയ അലൈന്‍മെന്‍റ് നിശ്ചയിച്ചു. നിലവില്‍ ഏറ്റെടുത്ത സ്ഥലത്തെ രൂപരേഖയാണ് സംഘം പഠനവിധേയമാക്കിയത്. ഇതേതുടര്‍ന്ന് 45 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാന്‍ ഡി.പി.ആര്‍. തയാറാക്കി. നേരത്തേ കല്ലിട്ട സ്ഥലത്ത് ഇരുവശത്തും 7.5 മീറ്റര്‍ വീതം കൂടുതല്‍ സ്ഥലം ഏറ്റെടുക്കും. കൂടുതല്‍ ഭൂമി ഏറ്റെടുക്കലിനും മറ്റുമായി റവന്യൂ വിവരങ്ങളുടെ ശേഖരണവും ഏറ്റെടുക്കല്‍ വിജ്ഞാപനവും പുറത്തിറക്കണം. നാലു മാസത്തിനുള്ളില്‍ ഇവ പൂര്‍ത്തിയാക്കി ഈ സാമ്പത്തികവര്‍ഷം നിര്‍മാണം ആരംഭിക്കുകയാണ് ലക്ഷ്യം. സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മൂവാറ്റുപുഴയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കടാതിയില്‍നിന്ന് ആരംഭിച്ച് കാരക്കുന്നത്ത് എത്തുന്ന മൂവാറ്റുപുഴ ബൈപാസിന് 4.57 കിലോമീറ്ററാണ് ദൈര്‍ഘ്യം. നേരത്തേ പാത ആരംഭിക്കുന്ന കടാതിയിലെ കുരിശുപള്ളി പൊളിച്ചുനീക്കേണ്ടിയിരുന്നു. പുതിയ അലൈന്‍മെന്‍റില്‍ പള്ളി ഒഴിവാക്കിയിട്ടുണ്ട്. വാഴപ്പിള്ളിയില്‍ എം.സിറോഡിനു കുറുകെ ഫൈ്ളഓവര്‍ നിര്‍മിക്കുന്ന തരത്തിലാണ് രൂപരേഖ. റോഡ് നിര്‍മാണത്തിന് 51 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. 177 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കേണ്ടത്. നിര്‍ദിഷ്ട കാവുങ്കര-കാക്കനാട് നാലുവരിപ്പാതയുമായി ബന്ധിപ്പിക്കുന്ന തരത്തിലാകും ബൈപാസ്. മാതിരപ്പിള്ളിയില്‍നിന്ന് ആരംഭിച്ച് കോതമംഗലം മുനിസിപ്പല്‍ പാര്‍ക്കുവരെ എത്തുന്ന കോതമംഗലം ബൈപാസിന്‍െറ ദൈര്‍ഘ്യം 3.35 കിലോമീറ്ററാണ്. ഇവിടെ പുതുതായി പാലം നിര്‍മിക്കേണ്ടിവരും. 40 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. 47 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരും. 1996ല്‍ പദ്ധതി തീരുമാനിക്കുമ്പോള്‍ അടങ്കല്‍ ചെലവ് 960 കോടിയായിരുന്നു. നിലവില്‍ ഭൂമി ഏറ്റെടുക്കലടക്കം ചെലവ് ഇരട്ടിയിലധികമാണ്. ബൈപാസ് നിര്‍മാണം വേഗത്തിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ജോയ്സ് ജോര്‍ജ് എം.പി മൂവാറ്റുപുഴ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ഉന്നതതല യോഗം വിളിച്ചു. എം.എല്‍.എമാരായ എല്‍ദോ എബ്രഹാം, ആന്‍റണി ജോണ്‍, നഗരസഭാ ചെയര്‍പേഴ്സണ്‍മാരായ ഉഷ ശശിധരന്‍, മഞ്ജു സിജു, മൂവാറ്റുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, മുന്‍ എം.എല്‍.എമാരായ ബാബു പോള്‍, ജോണി നെല്ലൂര്‍, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്മാരായ കെ.പി. ബാബു, മേരി ജോര്‍ജ് തോട്ടം, എം.എ. സഹീര്‍, യു.ആര്‍. ബാബു, സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് അഗം പി.ആര്‍. മുരളീധരന്‍, ഏരിയാ സെക്രട്ടറി എം.ആര്‍. പ്രഭാകരന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ദേശീയപാത ഉദ്യോഗസ്ഥര്‍, കണ്‍സള്‍ട്ടന്‍സ് ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.