അമരാവതി യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ കുടിവെള്ളത്തിനായ് നെട്ടോട്ടത്തില്‍

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി അമരാവതി സര്‍ക്കാര്‍ യു.പി സ്കൂളില്‍ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും ദുരിതത്തിലായി. വെള്ളക്കരം അടക്കാത്തതിനാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചിട്ട്. രണ്ടു ലക്ഷം രൂപക്കുമേല്‍ കുടിശ്ശികയുണ്ട്. പ്രീ¥്രെപമറി കുട്ടികള്‍ മുതല്‍ യു.പി ക്ളാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. ഭിന്നശേഷിയുള്ള കുട്ടികളും ഇവിടെ അധ്യയനം നടത്തുന്നുണ്ട്. സ്കൂളില്‍ പാചകത്തിന് ഉള്‍പ്പെടെ ഉപയോഗിക്കുന്നത് ജല അതോറിറ്റിയുടെ വെള്ളമാണ്. സര്‍ക്കാര്‍ സ്കൂളുകളിലെ വെള്ളക്കരം അടക്കേണ്ടത് സര്‍ക്കാര്‍ അല്ളെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അധികൃതര്‍ വരുത്തിയ വീഴ്ചയുടെ ഫലം അനുഭവിക്കുന്നതാകട്ടെ സാധാരണക്കാരുടെ കുട്ടികളും. കണക്ഷന്‍ വിച്ഛേദിക്കരുതെന്നും വെള്ളക്കരം അടക്കാനുള്ള നടപടികള്‍ക്കായി തുടരുകയാണെന്നും അതോറിറ്റിയെ അറിയിച്ചിട്ടും വിച്ഛേദിക്കുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. കുടിവെള്ളം ഇല്ലാതായതോടെ സ്കൂള്‍ അധികൃതര്‍ ഡിവിഷന്‍ കൗണ്‍സിലറോട് പറഞ്ഞതിനെ തുടര്‍ന്ന് ടാങ്കര്‍ ലോറിയില്‍ വെള്ളം അടിച്ച് നല്‍കിയതാണ് ഏക ആശ്വാസം. ഈ വെള്ളം വരുന്ന അധ്യയന ദിവസം തീരും. ഇതുകഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് സ്കൂള്‍ അധികൃതര്‍. അതേസമയം സ്കൂളില്‍ പ്രധാനാധ്യാപകന്‍ സ്ഥലം മാറിപ്പോയതിന്‍റെ ഒഴിവില്‍ പകരം ആളെ വെക്കാത്തതും ബുദ്ധിമുട്ടിനിടയാക്കുന്നുണ്ട്. സ്കൂള്‍ ഇപ്പോള്‍ നാഥനില്ലാക്കളരി പോലെയാണ്. പശ്ചിമ കൊച്ചിയില്‍ ഒരുവിധം നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂളിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.