കൊച്ചി: ദിവസം 17 പിന്നിട്ടിട്ടും ആരും തിരിഞ്ഞുനോക്കാനില്ലാതെ തുടരുകയാണ് ഇവരുടെ സമരം. കൊച്ചി നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ്, എട്ടുമാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളം അനുവദിക്കുന്നതിനും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നതിനും ജോലിസ്ഥിരത ഉറപ്പുവരുത്തുന്നതിനുമായി നഗരസഭാ കാര്യാലയത്തിനു മുന്നില്‍ അനിശ്ചിതകാല റിലേ സമരം ആരംഭിച്ചത്. എന്നാല്‍, സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് അനുഭാവപൂര്‍വമുള്ള നിലപാടുകള്‍ സ്വീകരിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞ മാസം 16നാണ് സമരം ആരംഭിച്ചത്. നഗരസഭയില്‍ 175ഓളം പേരാണ് ശുചീകരണത്തൊഴിലാളികളായുള്ളത്. ഓരോ ഡിവിഷനിലും ചുരുങ്ങിയത് രണ്ട് തൊഴിലാളികള്‍ വീതമാണ് ജോലിയെടുക്കുന്നത്. കൗണ്‍സിലര്‍മാരാണ് ഇവരെ ജോലിക്ക് നിയമിക്കുന്നത്. 377 രൂപയാണ് ദിവസക്കൂലി. നഗരത്തിലെ മാലിന്യഓടകള്‍ ശുചീകരിക്കുക, കാടുമൂടിക്കിടക്കുന്ന സ്ഥലം വൃത്തിയാക്കുക തുടങ്ങി നിരവധി ജോലികളാണ് ഇവര്‍ ചെയ്തുതീര്‍ക്കുന്നത്. ചില സമയങ്ങളില്‍ മാലിന്യനിര്‍മാര്‍ജന ജോലിയും ഇവര്‍ക്ക് ചെയ്യേണ്ടിവരുന്നു. കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലയളവില്‍ ഒരു വര്‍ഷത്തിലേറെ ഇവര്‍ ശമ്പളമില്ലാതെ ജോലി ചെയ്തു. ഒടുവില്‍ ഭരണസമിതിയുടെ കാലം അവസാനിക്കുന്ന സമയത്താണ് ശമ്പളം അനുവദിച്ചുകിട്ടിയത്. എന്നാല്‍, അന്ന് ജോലിസ്ഥിരത വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, കഴിഞ്ഞ എട്ടുമാസമായി ശമ്പളമില്ലാത്തതോടൊപ്പം ജോലിക്കാരെ പിരിച്ചുവിടുന്ന നടപടിയും അധികൃതര്‍ സ്വീകരിച്ചു. മുടങ്ങിക്കിടക്കുന്ന ശമ്പളം നല്‍കാതെയായിരുന്നു പിരിച്ചുവിടല്‍ നടപടി ആരംഭിച്ചത്. അതോടെയാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. തൊഴിലാളികള്‍ സമരം ആരംഭിച്ചതോടെ കഴിഞ്ഞ ഒരു മാസത്തിലേറെയായി നഗരത്തിലെ ശുചീകരണ പ്രവൃത്തികള്‍ മുടങ്ങിയിട്ട്. നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളില്‍ ശുചീകരണപ്രവൃത്തികള്‍ താളംതെറ്റിയതോടെ പരാതികള്‍ ഉയരാനും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.