റമദാന്‍ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന: കൊച്ചിയില്‍ 20 വ്യാപാരികള്‍ കുടുങ്ങി

കൊച്ചി: റമദാന്‍ പ്രമാണിച്ച് നടത്തുന്ന താല്‍ക്കാലിക മാര്‍ക്കറ്റുകളിലും വില്‍പനകേന്ദ്രങ്ങളിലും വ്യാപക തട്ടിപ്പുകള്‍. ലീഗല്‍ മെട്രോളജി നടത്തിയ പരിശോധനയിലാണ് അളവുതൂക്ക നിയമം ലംഘിച്ച് കച്ചവടം നടത്തുന്നതായി കണ്ടത്തെിയത്. കൊച്ചി നഗരത്തിലുള്‍പ്പെടെ പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ പ്രധാന കച്ചവടകേന്ദ്രങ്ങളിലായിരുന്നു ലീഗല്‍ മെട്രോളജി സ്പെഷല്‍ സ്ക്വാഡ് പരിശോധന. കൊച്ചി നഗരത്തില്‍ മാത്രം അളവുതൂക്ക നിയമം ലംഘിച്ച് കച്ചവടം നടത്തിയ 20 വ്യാപാരികള്‍ക്കെതിരെ പിഴയിട്ടു. അളവുതൂക്ക സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാത്ത 10 വ്യാപാരികളെയാണ് നഗരത്തില്‍ പരിശോധനയില്‍ കണ്ടത്തെിയത്. അളവ് ഉപകരണത്തിന് സമീപം സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണമെന്ന നിയമം ലംഘിച്ചവരാണ് കുടുങ്ങിയത്. കാലാകാലങ്ങളില്‍ അളവുതൂക്ക ഉപകരണം പരിശോധനക്ക് വിധേയമാക്കാതെ ഉപയോഗിച്ചവരും വിലവിവരം രേഖപ്പെടുത്താതെ പാക്കറ്റ് സാധനങ്ങള്‍ വിറ്റ വ്യാപാരികളും കുടുങ്ങി. പരിശോധനക്ക് വിധേയമാക്കാത്ത അളവു തൂക്ക ഉപകരണം ഉപയോഗിക്കുന്നവര്‍ക്ക് 2000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലീഗല്‍ മെട്രോളജി സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്. കൊച്ചി നഗരത്തില്‍ രണ്ട് ടീമുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന വൈകീട്ട് ആറു വരെ തുടര്‍ന്നു. അസിസ്റ്റന്‍റ് കണ്‍ട്രോളര്‍മാരുടെയും സീനിയര്‍ ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.