അങ്കണവാടിയില്‍ സീലിങ്ഫാന്‍ പൊട്ടിവീണ് മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്ക്

കൊച്ചി: അങ്കണവാടിയില്‍ സീലിങ്ഫാന്‍ പൊട്ടി വീണ് മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്ക്. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ വാടകക്ക് താമസിക്കുന്ന മനോജ് -കവിത ദമ്പതികളുടെ മകള്‍ അബിതക്കാണ് പരിക്കേറ്റത്. കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ എന്‍.പി.ഒ എല്ലിന് സമീപം ഹൗസിങ് കോളനിയിലെ 33ാംനമ്പര്‍ അങ്കണവാടിയിലാണ് അപകടം. വെള്ളിയാഴ്ച രാവിലെ ക്ളാസ് തുടങ്ങാന്‍ നേരത്താണ് ഫാന്‍ ഒടിഞ്ഞ് കുട്ടിയുടെ തലയില്‍ വീണത്. അങ്കണവാടി പ്രവര്‍ത്തിക്കുന്ന ഇടുങ്ങിയ മുറിയില്‍ അപകട സമയത്ത് ഒരു കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. അങ്കണവാടി ടീച്ചറും ആയയും മറ്റു കുട്ടികളും പുറത്തായിരുന്നു. അഞ്ച് കുട്ടികളാണ് അങ്കണവാടിയിലുള്ളത്. പ്രാര്‍ഥനക്കുശേഷം മുറിയിലെ കസേരയില്‍ വന്നിരുന്ന കുട്ടിയുടെ തലക്ക് മുകളിലേക്ക് ഫാന്‍ പൊട്ടിവീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടാണ് ടീച്ചറും ആയയും ശ്രദ്ധിച്ചത്. ഉടന്‍ ടീച്ചര്‍ വി.പി. വിമലയും ആയ ശാന്തയും കുട്ടിയെ എടുത്തുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കുട്ടിയെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഹൗസിങ് കോളനിയുടെ ഉദ്ഘാടനത്തിനായി നിര്‍മിച്ച സ്റ്റേജിന് പിന്നില്‍ ഓഫിസായി പ്രവര്‍ത്തിച്ചിരുന്ന മുറിയിലാണ് അങ്കണവാടിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഒരു ചെറിയ മുറിയും അതിനോട് ചേര്‍ന്ന് അടുക്കളയും ടോയ്ലറ്റ് സൗകര്യങ്ങളുമാണുള്ളത്. കുട്ടികള്‍ക്കായി പാചകം ചെയ്യുന്നതും മലമൂത്ര വിസര്‍ജനവും അടുക്കളയിലാണ്. തൃക്കാക്കര നഗരസഭയിലെ 33-ാം ഡിവിഷനിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. പ്രദേശത്ത് പുറമ്പോക്ക് ഭൂമി ഏറെ ഉണ്ടായിരുന്നിട്ടും സ്ഥലം ലഭ്യമാക്കാന്‍ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് പരിസരവാസികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.