ഓണ്‍ലൈന്‍ സംവിധാനം നടപ്പായില്ല : സ്ഥലം പോക്കുവരവില്‍ കുരുങ്ങി ജനങ്ങള്‍

കൊച്ചി: ജനങ്ങളെ വട്ടംകറക്കുന്ന സ്ഥലം പോക്കുവരവ് ഓണ്‍ലൈന്‍ സംവിധാനത്തിലാക്കാനുള്ള പദ്ധതി പാളി. സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ പ്രമാണങ്ങള്‍ സ്കാന്‍ ചെയ്യാന്‍ സ്കാനര്‍ ഇല്ളെന്ന കാരണത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പാകാത്തത്. സ്ഥലം പോക്കുവരവ് നടത്തുന്നതിലെ കാലതാമസവും ക്രമക്കേടും ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് റീ സര്‍വേ പൂര്‍ത്തിയാക്കിയ ജില്ലയിലെ 32 വില്ളേജുകളില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഓണ്‍ലൈന്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. വില്ളേജുകളില്‍ പദ്ധതി നടപ്പാക്കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ സ്കാനര്‍ നല്‍കാതിരുന്നതാണ് പദ്ധതിക്ക് തിരിച്ചടിയായത്. സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ പ്രമാണത്തിന്‍െറ സ്കാന്‍ ചെയ്ത കോപ്പി വില്ളേജ് ഓഫിസുകളിലെ കമ്പ്യൂട്ടറില്‍ പ്രത്യക്ഷപ്പെടുന്ന തരത്തിലായിരുന്നു സംവിധാനം. തുടര്‍ന്ന് പുതിയ തണ്ടപ്പേരും നമ്പറും നല്‍കി അന്നുതന്നെ കരമൊടുക്കിയ രസീത് വില്ളേജ് ഓഫിസില്‍നിന്ന് സ്ഥലം ഉടമക്കു ലഭിക്കാനും ഓണ്‍ലൈന്‍ പോക്കുവരവു സംവിധാനത്തില്‍ കഴിയുമായിരുന്നു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ രൂപം നല്‍കിയ റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (റിലീസ്) എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴി പോക്കുവരവ് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടര്‍ അനുബന്ധ സൗകര്യങ്ങളാണ് വില്ളേജ് ഓഫിസുകളില്‍ നടപ്പാക്കിയിരുന്നത്. എന്നാല്‍, രജിസ്റ്റര്‍ ചെയ്യുന്ന പ്രമാണം സ്കാന്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ സ്കാനര്‍ ഇല്ളെന്ന ഒറ്റക്കാരണത്താലാണ് പോക്കുവരവ് ഓണ്‍ലൈന്‍ സംവിധാനം ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം അട്ടിമറിക്കപ്പെട്ടതോടെ പഴയതുപോലെ സ്ഥലം പോക്കുവരവ് ചെയ്തുകിട്ടാന്‍ 30-60 ദിവസംവരെ കാത്തിരിക്കേണ്ട ഗതികേടിലാണ് അപേക്ഷകര്‍. സാധാരണ പ്രമാണം രജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനുശേഷമാണ് പോക്കുവരവു ചെയ്തുകിട്ടാന്‍ അപേക്ഷ പോലും നല്‍കാന്‍ വ്യവസ്ഥചെയ്തിരുന്നത്. എന്നാല്‍, ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി പോക്കുവരവ് ചെയ്തുകിട്ടുന്നതിനായുള്ള 30 ദിവസത്തെ കാലതാമസം സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ മറ്റു ജോലികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുന്നതിനോട് ആധാരമെഴുത്തുകാരുടെ സംഘടകളുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും കടുത്ത എതിര്‍പ്പുകളും പദ്ധതിക്ക് വെല്ലുവിളിയായിരുന്നു. ജില്ലയിലെ 24 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ മുളന്തുരുത്തിയില്‍ മാത്രമാണ് സ്കാനറുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.