ജില്ലയില്‍ കുടുംബശ്രീയുടെ ലഘുസമ്പാദ്യം 230 കോടി

കൊച്ചി: ജില്ലയില്‍ കുടുംബശ്രീയുടെ ലഘുസമ്പാദ്യം മാത്രം 230 കോടി രൂപ. ജില്ലയില്‍ മൊത്തം 25,000 സ്ത്രീകള്‍ കുടുംബശ്രീയില്‍ അംഗങ്ങളായുണ്ടെന്ന് അസി. കോഓഡിനേറ്റര്‍ ഡോ. സ്മിത ഹരികുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 87 കോടി രൂപ ബന്ധിത വായ്പയുണ്ട്. ആറായിരത്തോളം സംരംഭങ്ങള്‍ ജില്ലയില്‍ കുടുംബശ്രീയുടേതായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ മാസച്ചന്തകളും തുടങ്ങിക്കഴിഞ്ഞു. 4500 ഗ്രൂപ്പുകള്‍ ചേര്‍ന്ന് നെല്ല്, വാഴ, പച്ചക്കറി തുടങ്ങി വിവിധയിനം കൃഷികള്‍ നടത്തിവരുന്നു. ഇതുകൂടാതെ ടെറസ് പച്ചക്കറി കൃഷിയുമുണ്ട്. എറണാകുളം സൗത്, നോര്‍ത്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ചുമതലയും കുടുംബശ്രീക്കാണ്. പെയ്ന്‍റ് കമ്പനിയായ ബെര്‍ജറുമായി ചേര്‍ന്ന് അഞ്ചുസ്ത്രീകളടങ്ങിയ പെയ്ന്‍റിങ് ഗ്രൂപ്പും പ്രവര്‍ത്തിച്ചുവരുന്നു. ഇതുവരെ ആറുവീടുകളുടെ പെയ്ന്‍റിങ് ജോലി ഈ ഗ്രൂപ്പിന് ലഭിച്ചു. ഒരാള്‍ക്ക് 750രൂപ പ്രതിഫലമായി ലഭിക്കുന്നുണ്ട്. ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹനവകുപ്പുമായി സഹകരിച്ച് സ്വകാര്യ ബസുടമകളുടെ സഹായത്തോടെ ജില്ലയിലെ സ്വകാര്യബസുകളില്‍ കണ്ടക്ടറായി സ്ത്രീകളെ ജോലിക്ക് നിയോഗിച്ചുകഴിഞ്ഞു. 700 രൂപ വരെ ഇവര്‍ക്ക് വേതനം ലഭിക്കുന്നുണ്ട്. ഇനി മെട്രോ റെയില്‍വേയുമായി ബന്ധപ്പെട്ട ജോലികളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കൊച്ചി നഗരത്തില്‍ ഇടപ്പള്ളിയില്‍ അഞ്ചുസ്ത്രീകളുടെ ഗ്രൂപ് കുപ്പിവെള്ളം വിതരണവും ആരംഭിച്ചു. നഗരസഭയുടെ വക കിണറ്റിലെ ജലം യു.വി സാങ്കേതികവിദ്യയിലൂടെ ശുദ്ധീകരിച്ച് കുപ്പിയിലാക്കി വിതരണം ചെയ്യുന്നു. നഗര ജീവനോപാധി പദ്ധതിയുടെ കീഴില്‍ കോര്‍പറേഷന്‍ പരിധിയില്‍ വിവിധ അഗതി മന്ദിരങ്ങള്‍ക്കും സഹായധനം നല്‍കിയിട്ടുണ്ട്. ഇടക്കൊച്ചിയില്‍ മൂന്നര ഏക്കറില്‍ കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്ക് 1.25 കോടി മുടക്കി അഗതി മന്ദിരത്തിനും തീരുമാനമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.