കാത്തിരിപ്പിന് വിരാമം; തവണക്കടവ് -വൈക്കം ജങ്കാര്‍ സര്‍വിസ് ഏഴിന്

വടുതല: തവണക്കടവ് -വൈക്കം ജങ്കാര്‍ സര്‍വിസ് ഈമാസം ഏഴ് മുതല്‍ ആരംഭിക്കും. വൈകുന്നേരം മന്ത്രി പി. തിലോത്തമന്‍ സര്‍വിസ് ഉദ്ഘാടനം ചെയ്യും. ജങ്കാര്‍ സര്‍വിസിന്‍െറ ട്രയല്‍റണ്‍ കഴിഞ്ഞദിവസം വൈക്കം ജങ്കാര്‍ ജെട്ടിയില്‍ നഗരസഭ ചെയര്‍മാന്‍ എന്‍. അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി ജങ്കാര്‍ സര്‍വിസ് മുടങ്ങിയിരിക്കുകയായിരുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിന് കുറുകെയാണ് സര്‍വിസ് നടത്തുന്നത്. വൈക്കം ബോട്ടുജെട്ടിക്ക് സമീപത്തുതന്നെയാണ് ജങ്കാര്‍ ജെട്ടിയും. ആറുതവണ ലേല നടപടികള്‍ നടത്തിയെങ്കിലും ജങ്കാര്‍ സര്‍വിസ് ഏറ്റെടുത്ത് നടത്താന്‍ കരാറുകാര്‍ മുന്നോട്ട് വരാതിരുന്നതിനാലാണ് ഇതുവരെ സര്‍വിസ് ആരംഭിക്കാന്‍ കഴിയാതിരുന്നത്. ഇത്തവണ കൊച്ചിയിലെ ഏജന്‍സിക്ക് നാലുലക്ഷം രൂപക്കാണ് കരാര്‍ നല്‍കിയത്. വൈക്കം നഗരസഭയും ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തും യോജിച്ചാണ് സര്‍വിസ് നടത്തിയിരുന്നത്. ഇതിനുവേണ്ടി വൈക്കം നഗരസഭയിലെയും പള്ളിപ്പുറം പഞ്ചായത്തിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന ജോയന്‍റ് കമ്മിറ്റിയും നിലവിലുണ്ട്. ഈ കമ്മിറ്റിയുടെ ശ്രമഫലമായാണ് കൊച്ചി ആസ്ഥാനമായുള്ള ഏജന്‍സി സര്‍വിസ് ഏറ്റെടുക്കാന്‍ തയാറായത്. രണ്ട് എന്‍ജിനുള്ള ജങ്കാര്‍ വേണമെന്ന കമ്മിറ്റിയുടെ നിബന്ധനയും അംഗീകരിച്ചിട്ടുണ്ട്. നഗരസഭാ യോഗവും പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റിയും തീരുമാനത്തിന് ഒൗപചാരിക അംഗീകാരം നല്‍കേണ്ട സാങ്കേതിക നടപടിയാണ് ബാക്കിയുള്ളത്. രണ്ട് ജങ്കാര്‍ കടവുകളിലെയും ചളിയും മണ്ണും നീക്കം ചെയ്യുകയും വേണം. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായി നഗരസഭ ചെയര്‍മാന്‍ എ ന്‍. അനില്‍ ബിശ്വാസ് പറഞ്ഞു. ജങ്കാര്‍ ആരംഭിക്കുന്ന മുറക്ക് തലയോലപ്പറമ്പില്‍നിന്ന് വരുന്ന ടിപ്പറുകള്‍ പുളിഞ്ചുവട്ടില്‍നിന്ന് ഇപ്പോള്‍ പോകുന്ന റോഡിലൂടെ തെക്കോട്ട് തിരിഞ്ഞ് ടി.വി പുരം റോഡിലൂടെ പടിഞ്ഞാറെ നടവഴി ജെട്ടിയില്‍ എത്തി കെ.ടി.ഡി.സിക്ക് സമീപം പാര്‍ക്ക് ചെയ്യണം. ജങ്കാറില്‍നിന്ന് ഇറങ്ങുന്ന വാഹനങ്ങള്‍ ജെട്ടി, ബസ് സ്റ്റാന്‍ഡ്, കൊച്ചുകവല വഴിയാണ് പോകേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.