ഹോംസ്റ്റേ പീഡനം: പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി ഹോംസ്റ്റേ പീഡന കേസിലെ പ്രതികളായ ആറ് പേരെയും കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഹോംസ്റ്റേയില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതികളായ ഫോര്‍ട്ട്കൊച്ചി വെളിയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി, പട്ടാളം സ്വദേശി അല്‍ത്താഫ്, വെളിയില്‍ ഇജാസ്, ചന്തിരൂര്‍ കറുപ്പന്‍ വീട്ടില്‍ സജു, ഫോര്‍ട്ട്കൊച്ചി ഫിഷര്‍മെന്‍ കോളനിയില്‍ അത്തിപ്പൊഴി വീട്ടില്‍ അപ്പു, നസ്റത്ത് കനാല്‍ റോഡില്‍ ക്ളിപ്റ്റന്‍ ഡിക്കോത്ത എന്നിവരെയാണ് തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. സംഭവം സംബന്ധിച്ച് പ്രതികളെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും. പീഡനം നടന്ന ഹോംസ്റ്റേയിലത്തെിച്ച് പ്രതികളെ തെളിവെടുപ്പിന് വിധേയമാക്കും. പീഡനത്തിനിരയായ യുവതികള്‍ക്ക് പ്രതികളെ തിരിച്ചറിയുന്നതിനായി തിരിച്ചറിയല്‍ പരേഡ് നടത്തും. ബുധനാഴ്ചയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ കോടതി വിട്ടത്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. രണ്ടരമാസം മുമ്പാണ് തണ്ണീര്‍മുക്കം സ്വദേശിനിയായ യുവതിയെ ആറുപേര്‍ ചേര്‍ന്ന് ഫോര്‍ട്ട്കൊച്ചിയിലെ ഗുഡ്ഷെപ്പേര്‍ഡ് ഹോംസ്റ്റേയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചത്. എഴുപുന്ന സ്വദേശിയായ യുവാവിനോടൊപ്പം എത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടയിലാണ് ഒന്നാം പ്രതി അല്‍ത്താഫിന്‍െറ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കോളജ് വിദ്യാര്‍ഥിനിയെ അല്‍ത്താഫും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളും ചേര്‍ന്ന് പീഡിപ്പിച്ച സംഭവം പുറത്തുവന്നത്. ഈ കേസിലും അല്‍ത്താഫ് ഒന്നാം പ്രതിയാണ്. അതേസമയം, ഫോര്‍ട്ട്കൊച്ചിയിലെ അനധികൃത ഹോംസ്റ്റേകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്‍െറ ഭാഗമായി ഹോംസ്റ്റേ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം സബ് കലക്ടര്‍ എസ്. സുഹാസ് വിളിച്ച് ചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സബ് കലക്ടറുടെ ചേംബറിലാണ് യോഗം. അനധികൃത ഹോം സ്റ്റേകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സബ് കലക്ടറുടെ തീരുമാനം. അതേസമയം, കേസില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.