മൂവാറ്റുപുഴ പേട്ട മേഖലയില്‍ തെരുവുനായശല്യം രൂക്ഷം

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ പേട്ട മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമായി. രണ്ട് ആടുകളെ കൊന്നു. ഒരെണ്ണത്തിന്‍െറ ജഡം നായ്ക്കള്‍ തിന്നു. പേട്ട ചേന്നാട്ട് റൈഹാന്‍െറ വീട്ടിലെ ആടുകളെയാണ് നായ്ക്കള്‍ കൊന്നത്. ശനിയാഴ്ച പുലര്‍ച്ചെ നായ്ക്കളുടെ ശബ്ദം കേട്ട് ഉണര്‍ന്ന കുടുംബം നോക്കുമ്പോള്‍ ആടുകളില്‍ ഒരെണ്ണത്തിനെ കൊന്ന നിലയിലായിരുന്നു. ആട്ടിന്‍കൂടിന്‍െറ വാതില്‍ തകര്‍ത്തിരുന്നു. തലയുടെ പിന്‍ഭാഗവും വയറും കടിച്ചു കീറിയ നിലയിലായിരുന്നു. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് മൂന്ന് നായ്ക്കളെ പരിസരത്ത് കണ്ടിരുന്നതായി റൈഹാന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നുമാസം മുമ്പ് വിദ്യാര്‍ഥികള്‍ക്ക് അടക്കം നിരവധിപേര്‍ക്ക് നായയുടെ കടിയേല്‍ക്കുകയും നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലുകയും ചെയ്തിരുന്നു. നായശല്യം രൂക്ഷമായതോടെ ആളുകള്‍ ഭീതിയിലാണ്. മദ്റസയിലേക്കും മറ്റും പോകുന്ന കുട്ടികളെ കഴിഞ്ഞ ദിവസം പേട്ട റോഡില്‍ നായ്ക്കൂട്ടം ഓടിച്ചിരുന്നു. നായശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.