മാലിന്യം നീക്കിയില്ല ; പെരിയാര്‍വാലി കനാല്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി

ആലുവ: പെരിയാര്‍വാലി കനാല്‍ കരകവിഞ്ഞൊഴികിയതിനത്തെുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. ഇതേതുടര്‍ന്ന് കനാലിലൂടെയുള്ള ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തി. ചൂണ്ടി കോളനിപ്പടി ഭാഗത്താണ് വീടുകളില്‍ വെള്ളം കയറിയത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ കോളനിപ്പടി കനാല്‍ ഭാഗത്തെ പുനത്തില്‍ വീട്ടില്‍ ജോണി, തട്ടാരുപറമ്പില്‍ സാബു, കാരാത്ര മേഴ്സി യാക്കോബ്, ഗണേശ് ഭവനില്‍ ശാന്തി എന്നിവരുടെ വീടുകളിലും എടയപ്പുറം റോഡിലെ എടയാറ്റ് വീട്ടില്‍ ജോര്‍ജ്, എം ട്രാബ്സ് അണ്ടിക്കമ്പനി എന്നിവിടങ്ങളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്. വീടുകളിലെ കക്കൂസ് കുഴികള്‍ ഇടിഞ്ഞു. ഭിത്തികള്‍ ഏതുസമയവും നിലംപൊത്താവുന്ന നിലയിലാണ്. മതിലുകള്‍ പൊളിച്ചാണ് വെള്ളം വഴിതിരിച്ചുവിട്ടത്്. കനാലില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കാത്തതാണ് വെള്ളം കരകവിഞ്ഞൊഴുകാന്‍ ഇടയാക്കിയത്. ഏതാനും ദിവസമായി മാലിന്യപ്രശ്നം മൂലം കനാലിലൂടെ ജലവിതരണം കൃത്യമായി നടക്കുന്നില്ല. പലഭാഗത്തും വെള്ളം വഴിമാറിപ്പോകുന്നുണ്ടായിരുന്നു. എന്നാല്‍, ഇതിനുശേഷവും മാലിന്യം നീക്കാന്‍ ആരും തയാറായില്ല. ആലങ്ങാട് ഭാഗത്തേക്ക് എത്തിക്കാന്‍ കൂടുതലായി വെള്ളം തുറന്നുവിട്ടതാണ് പ്രശ്നമായത്. അണ്ടിക്കമ്പനി ഭാഗത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ഒഴുക്ക് തടസ്സപ്പെടുത്തിയതും വെള്ളം ഉയരാന്‍ കാരണമായി. പതിനേഴാം വാര്‍ഡ് മെംബര്‍ അഭിലാഷ് അശോകന്‍ പതിനൊന്നരയോടെ പെരിയാര്‍വാലി ഉദ്യോഗസ്ഥരെ അറിയിച്ചതനുസരിച്ച് അളവ് കുറച്ചെങ്കിലും രണ്ട് മണിക്കൂര്‍കൊണ്ടാണ് വെള്ളം കുറഞ്ഞത്. ഒരാഴ്ച മുമ്പ് ഇവിടെ ചെറിയ തോതില്‍ വെള്ളം കയറിയിരുന്നു. മാലിന്യം നീക്കാതെ വെള്ളം കൂടുതല്‍ തുറക്കരുതെന്ന് അന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. രമേശ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ച് കൂടുതല്‍ വെള്ളം തുറക്കുകയായിരുന്നു. ചുണങ്ങംവേലിക്കും അശോകപുരത്തിനുമിടയിലാണ് മാലിന്യം തള്ളല്‍ വ്യാപകം. പലഭാഗങ്ങളില്‍നിന്നും മാലിന്യം ഇവിടെ കൊണ്ടിട്ടിട്ടും നടപടിയില്ലത്രേ. അന്‍വര്‍ സാദത്ത് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ജലവിതരണം നിര്‍ത്തിവെക്കുന്നത് കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളിലെ കൃഷിയെ പ്രതികൂലമായി ബാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.