അപകടമേഖലകളില്‍ പഠനം നടത്താന്‍ വിദഗ്ധസംഘത്തെ നിയോഗിച്ചു

മൂവാറ്റുപുഴ: തുടരെ അപകടങ്ങള്‍ ഉണ്ടാകുന്ന മേഖലകളില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പി.ഡബ്ള്യു.ഡി എക്സി. എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചു. അപകട മേഖലയില്‍ എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന് പഠിക്കാനാണ് സംഘത്തെ നിയോഗിച്ചത്. ജോസഫ് വാഴക്കന്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത അടിയന്തര റോഡ് സുരക്ഷാ യോഗമാണ് വിദഗ്ധ സംഘത്തെ നിയോഗിച്ചത്. സമിതി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ റോഡ് സുരക്ഷക്കുവേണ്ട നടപടികള്‍ ഓരോ മേഖലയിലും നടപ്പാക്കും. ഇതിനാവശ്യമായ ഫണ്ട് ലഭ്യമാണെന്നും എം.എല്‍.എ പറഞ്ഞു. പി.ഡബ്ള്യു.ഡി എക്സി. എന്‍ജിനീയര്‍, നാഷനല്‍ ഹൈവേ എന്‍ജിനീയര്‍, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് വിദഗ്ധ സംഘം. തൃക്കളത്തൂര്‍, കക്കടാശ്ശേരി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് എം.എല്‍.എ അടിയന്തര യോഗം വിളിച്ചത്. ഈ അപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. തൃക്കളത്തൂര്‍ കാവുംപടി, സൊസൈറ്റിപ്പടി മേഖലകളില്‍ ചെറിയ ഹമ്പുകള്‍, സീബ്രാലൈന്‍, സൈന്‍ ബോര്‍ഡ്, മുന്നറിയിപ്പ് ലൈറ്റുകള്‍, കാമറ എന്നിവ സ്ഥാപിക്കണമെന്നും റോഡ് സൈഡിലെ കാടുവെട്ടാനും യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമുയര്‍ന്നെങ്കിലും ഇത് നിരോധിച്ചിരിക്കുകയാണെന്ന് എം.എല്‍.എ അറിയിച്ചു. കക്കടാശ്ശേരി മേഖലയില്‍ അടിയന്തരമായി വഴിവിളക്ക് സ്ഥാപിക്കണമെന്നും ബസ്സ്റ്റോപ്പുകള്‍ പുന:ക്രമീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ വെളിച്ചത്തിന്‍െറ അഭാവംമൂലം രക്ഷാപ്രവര്‍ത്തനം വൈകിയെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി. മൂവാറ്റുപുഴ-തൊടുപുഴ റോഡിലെ അപകടമേഖലകളായ ഹോസ്റ്റല്‍പടി, ആനിക്കാട്, കണ്ണമ്പുഴ, തെക്കുംമല കവല തുടങ്ങിയ ഭാഗങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ അടക്കമുള്ളവ സ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം ഡോളി കുര്യാക്കോസ് ആവശ്യപ്പെട്ടു. കണ്ണമ്പുഴ പാലത്തിന് വീതി കൂട്ടണമെന്നും സീബ്രാ ലൈന്‍ വരക്കണമെന്നും വാഹന ചെക്കിങ് കര്‍ശനമാക്കണമെന്നും ആവശ്യമുയര്‍ന്നു. ആവോലിയില്‍ റോഡിന്‍െറ ഉയരം കുറക്കണമെന്നും കണ്ണമ്പുഴ വരെ വഴിവിളക്കുകള്‍ തെളിയിക്കണമെന്നും നിര്‍ദേശവുമുണ്ടായി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ ക്രമീകരണങ്ങള്‍ നടത്തുമെന്നും എം.എല്‍.എ പറഞ്ഞു. ആര്‍.ഡി.ഒ വി.ആര്‍. മോഹനന്‍പിള്ള, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മേരി ബേബി, ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍. അരുണ്‍, ഡോളി കുര്യാക്കോസ്, പൊലീസ് മോട്ടോര്‍ വാഹന വകുപ്പ്, പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.