തൃക്കാക്കരയില്‍ എല്‍.എല്‍.എക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

തൃക്കാക്കര: താല്‍ക്കാലിക മണ്ഡലം പ്രസിഡന്‍റിനെ നിശ്ചയിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ച സംഭവത്തില്‍ തൃക്കാക്കരയില്‍ എം.എല്‍.എക്കെതിരെ ഐ വിഭാഗം കെ.പി.സി.സി അധ്യക്ഷന് പരാതി നല്‍കി. കെ.പി.സി.സി പ്രസിഡന്‍റ് നയിക്കുന്ന ജനരക്ഷയാത്രയുടെ സ്വീകരണ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത മണ്ഡലം കമ്മിറ്റി യോഗത്തിലാണ് എ,ഐ വിഭാഗം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. എ വിഭാഗത്തിന്‍െറ താളത്തിനൊത്ത് തുള്ളുന്നുവെന്നാണ് ബെന്നി ബഹനാന്‍ എം.എല്‍.എക്കെതിരെ ഐ വിഭാഗത്തിന്‍െറ പരാതി. വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ താല്‍ക്കാലിക പ്രസിഡന്‍റിന്‍െറ ചുമതല ബ്ളോക് സെക്രട്ടറി ഖമറുദ്ദീന് നല്‍കാന്‍ തീരുമാനിച്ചതാണ് യോഗത്തില്‍ തര്‍ക്കത്തിലും ബഹളത്തിനും ഇടയാക്കിയ പ്രധാന കാരണം. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അജിത തങ്കപ്പനെ നഗരസഭാ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കിയതാണ് എം.എല്‍.എക്കും മുന്‍ ബ്ളോക് പ്രസിഡന്‍റിനുമെതിരെ ഐ വിഭാഗത്തിന്‍െറ കടുത്ത എതിര്‍പ്പിന് കാരണം. ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ ഭയന്ന് നേതാക്കള്‍ മണ്ഡലം കമ്മിറ്റി വിളിച്ചിരുന്നില്ല. കമ്മിറ്റി കൂടിയപ്പോഴെല്ലാം പ്രവര്‍ത്തകരുടെ എതിര്‍പ്പ് രൂക്ഷമായിരുന്നു. ഇത് കാരണം യോഗം മാറ്റി വെക്കുകയായിരുന്നു. രണ്ട് വിമതരുടെ പിന്തുണയുണ്ടായിട്ടും നേതാക്കള്‍ നഗരസഭ ഭരണം നഷ്ടപ്പെടുത്തിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. ഇതിനിടെ കെ.പി.സി.സി പ്രസിഡന്‍റ് നയിക്കുന്ന ജനരക്ഷയാത്രയുടെ സ്വീകരണ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഗത്യന്തരമില്ലാതെയാണ് മണ്ഡലം കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിതരായത്. ഒരു വിഭാഗത്തിന്‍െറ താല്‍പര്യം മാത്രമാണ് തൃക്കാക്കര മണ്ഡലത്തിന്‍െറ ചുമതലയുള്ള എം.എല്‍.എ നിര്‍വഹിക്കുന്നതെന്നുകാണിച്ചാണ് ഐ വിഭാഗം പരാതി നല്‍കിയത്. നിലവിലുള്ള മണ്ഡലം പ്രസിഡന്‍റ് എം.കെ. അഹമ്മദ് ആറുമാസത്തേക്ക് അവധിയെടുത്ത് വിദേശത്ത് പോയതിനാലാണ് മറ്റൊരാളെ സ്ഥാനത്തേക്ക് നിയമിക്കാന്‍ കാരണമെന്നാണ് ഒൗദ്യോഗിക പക്ഷത്തിന്‍െറ വിശദീകരണം. താല്‍ക്കാലിക പ്രസിഡന്‍റിന്‍െറ ചുമതല ബ്ളോക് സെക്രട്ടറി ഖമറുദ്ദീന് നല്‍കാന്‍ തീരുമാനിച്ചെങ്കിലും ബഹളത്തെ തുടര്‍ന്ന് നടപ്പിലായില്ല. മണ്ഡലം പ്രസിഡന്‍റായിരുന്ന കുഞ്ഞുമുഹമ്മദിന്‍െറ നിര്യാണത്തെ തുടര്‍ന്ന് കീഴ്വഴക്കമനുസരിച്ച് അന്നത്തെ വൈസ് പ്രസിഡന്‍റ് അഹമ്മദുകുട്ടിയെ പ്രസിഡന്‍റാക്കി. എന്നാല്‍, ഇപ്പോള്‍ താല്‍ക്കാലിക ചുമതല നല്‍കാന്‍ നിലവില്‍ നാല് വൈസ് പ്രസിഡന്‍റുമാര്‍ ഉള്ളപ്പോള്‍ അവരോടൊന്നും ചോദിക്കാതെ, എം.എല്‍.എ ഗ്രൂപ്പ് കളിച്ചെന്നാണ് ഐ ഗ്രൂപ്പുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.