സി.പി.എം നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു

പള്ളിക്കര: സി.പി.എം കോലഞ്ചേരി ഏരിയ സെക്രട്ടറിക്കും കിഴക്കമ്പലം ലോക്കല്‍ കമ്മിറ്റിക്കും ലോക്കല്‍ സെക്രട്ടറിക്കും എതിരെ ജില്ലാ കമ്മിറ്റിയെടുത്ത നടപടി സംസ്ഥാനകമ്മിറ്റി അംഗീകരിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ സി.പി.എമ്മിനുണ്ടായ പരാജയത്തിന് പിന്നില്‍ ലോക്കല്‍ കമ്മിറ്റി നേതാക്കളാണെന്ന് ചൂണ്ടിക്കാട്ടി മൂന്നുപേരെ പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി തീരുമാനിച്ചിരുന്നു. ഏരിയ സെക്രട്ടറി കെ.വി. ഏലിയാസ്, ലോക്കല്‍ സെക്രട്ടറി പി.പി. ബേബി, ഏരിയ കമ്മിറ്റി അംഗം ടി.ടി. വിജയന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടപടി. ഇത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തെ കോര്‍പറേറ്റ് സംഘടനയായ ട്വന്‍റി20യെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ളെന്ന് കണ്ടത്തെിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മത്സരിച്ച ചില വാര്‍ഡുകളില്‍ പാര്‍ട്ടിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. മൊത്തം പോള്‍ ചെയ്തത് 21,841 വോട്ടാണ്. ട്വന്‍റി20 11,898 വോട്ടുകള്‍ നേടിയപ്പോള്‍ 19 വാര്‍ഡുകളില്‍ നിന്നായി എല്‍.ഡി.എഫ് നേടിയത് 2,211 വോട്ടാണ്. യു.ഡി.എഫ് 6,377 വോട്ട് നേടി. കിഴക്കമ്പലത്തെ ചൂരക്കാട് (79), കാരുകുളം (72), കിഴക്കമ്പലം (14), പൊയ്യകുന്നം (23), താമരച്ചാല്‍ (21), വിലങ്ങ് (82) വാര്‍ഡുകളിലാണ് എല്‍.ഡി.എഫിന് കെട്ടിവെച്ച കാശ് പോലും കിട്ടാതായത്. വി.എസ് പക്ഷത്തിന് സ്വാധീനമുള്ളതാണ് കോലഞ്ചേരി ഏരിയ കമ്മിറ്റിയും കിഴക്കമ്പലം ലോക്കല്‍ കമ്മിറ്റിയും. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവാനിടയുണ്ട്. ട്വന്‍റി20യുടെ രൂപവത്കരണം മുതല്‍ ഒരുവിഭാഗം ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലോക്കല്‍ കമ്മിറ്റി ഇത് അംഗീകരിച്ചിരുന്നില്ല. ഇത് പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കുന്ന അവസ്ഥക്കും കാരണമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നേതാക്കള്‍ക്കെതിരായ നടപടി പരസ്യ താക്കീതില്‍ ഒതുക്കിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്. മഴുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി പുന$സംഘടിപ്പിക്കാനും സംസ്ഥാനകമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വിഭാഗീയത നടന്നുവെന്ന് ജില്ലാകമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടത്തെിയിരുന്നു. ഇവിടെ അഞ്ച് പിണറായി പക്ഷക്കാരെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.