തൃക്കളത്തൂര്‍ മേഖലയില്‍ അപകടം തുടര്‍ക്കഥ

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എം.സി റോഡിലെ തൃക്കളത്തൂര്‍ മേഖലയില്‍ അപകടം തുടര്‍ക്കഥയാകുന്നു. ആറുമാസത്തിനിടെ ചെറുതും വലുതുമായ മുപ്പതോളം അപകടങ്ങളാണ് നടന്നത്. തുടരെയുണ്ടായ അപകടങ്ങളില്‍ എട്ടുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെയും അപകടമുണ്ടായി. കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് സ്കൂട്ടറിലിടിച്ച് 16 വയസ്സുകാരനായ വിദ്യാര്‍ഥി മരിച്ചു. രാവിലെ തൃക്കളത്തൂരിലെ ജിമ്മില്‍ പോവുകയായിരുന്ന തൃക്കളത്തൂര്‍ സിദ്ധാര്‍ഥ് വില്ലയില്‍ സിദ്ധാര്‍ഥാണ് (16) മരിച്ചത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സിദ്ധാര്‍ഥിനെ മറ്റൊരു വാഹനത്തെ മറികടക്കാനത്തെിയ ബസ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വെയ്റ്റിങ് ഷെഡും മരവും ഇടിച്ചുതകര്‍ത്ത ബസ് തൃക്കളത്തൂര്‍ സൊസൈറ്റിപ്പടി മന്ദിരത്തിലെ പലചരക്കുകടയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. വെള്ളിയാഴ്ച രാത്രി ഇതിനടുത്ത തൃക്കളത്തൂര്‍ കാവുംപടിയിലുണ്ടായ അപകടത്തില്‍ അസം സ്വദേശി മരിച്ചിരുന്നു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ അപകടാവസ്ഥ തരണംചെയ്തിട്ടില്ല.2005ല്‍ കെ.എസ്.ടി.പിയുടെ അങ്കമാലി-മൂവാറ്റുപുഴ എം.സി റോഡ് വികസനം വന്ന ശേഷമാണ് പ്രദേശം അപകട മഖലയായത്. തൃക്കളത്തൂര്‍ സൊസൈറ്റിപ്പടിക്കും കാവുംപടിക്കും ഇടക്കുള്ള കൊടുംവളവ് നിവര്‍ത്തണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ഇത് ചെയ്യാതെ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിനുപുറമെ റോഡിലെ അലൈന്‍മെന്‍റില്‍ വന്ന മാറ്റവും പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയായ റോഡിലെ ഒരുവശത്തേക്കുള്ള അശാസ്ത്രീയ ചരിവ് വാഹനാപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയാക്കി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപടിയില്ല. അപകട മേഖലകളെന്ന് കണ്ടത്തെിയ പുല്ലുവഴി, മണ്ണൂര്‍, തൃക്കളത്തൂര്‍, പള്ളിച്ചിറങ്ങര, തൊടുപുഴ റോഡിലെ ഹോസ്റ്റല്‍ കവല, ആനിക്കാട്, കണ്ണമ്പുഴ തുടങ്ങിയ പ്രദേശങ്ങള്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫിന്‍െറ നേതൃത്വത്തില്‍ വിദഗ്ധസംഘം പരിശോധിച്ചിരുന്നു. എന്നാല്‍, തൊടുപുഴ റോഡിലെ അപകടമേഖലകളിലും പുല്ലുവഴിയിലും ചില ക്രമീകരണങ്ങള്‍ വരുത്തിയതല്ലാതെ മറ്റൊന്നും നടന്നില്ല. പള്ളിച്ചിറങ്ങരയില്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെ ഹംബുകള്‍ സ്ഥാപിച്ച് തല്‍ക്കാലം പ്രശ്നം പരിഹരിച്ചു.എന്നാല്‍, തൃക്കളത്തൂര്‍ മേഖലയില്‍ മാത്രം ഒന്നുമുണ്ടായില്ല. 10 വര്‍ഷത്തിനിടെ നൂറോളം അപകടങ്ങളാണ് ഉണ്ടായത്. ഇരുപതോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. റോഡിലെ വളവും ചരിവും നിവര്‍ത്തുക, അമിതവേഗം നിയന്ത്രിക്കുക, അപകടസാധ്യത മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റ് ട്രാഫിക് സംവിധാനങ്ങളും ഏര്‍പ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ നാട്ടുകാര്‍ രംഗത്തത്തെിയെങ്കിലും നടപ്പാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.പ്രദേശത്ത് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസിന്‍െറ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് ‘സുപ്രധാന തീരുമാനങ്ങള്‍’ എടുത്ത് പിരിയുന്നതല്ലാതെ നടപ്പാക്കാന്‍ ആരും തയാറാകുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. നടപടി സ്വീകരിച്ചില്ളെങ്കില്‍ എം.സി റോഡ് ഉപരോധമടക്കം സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.