ഓണ്‍ലൈന്‍ ടിക്കറ്റ് സി.ഐ.എസ്.എഫുകാര്‍ക്ക് ഊരാക്കുടുക്കാകുന്നു

നെടുമ്പാശ്ശേരി: വിമാനത്താവളത്തിന്‍െറ ടെര്‍മിനലിനകത്തേക്ക് പാസുപയോഗിച്ച് പോലും പ്രവേശം വിലക്കുമ്പോഴും റദ്ദാക്കിയ യാത്രാ ടിക്കറ്റുകളുമായി പലരും ചെക് ഇന്‍ ഏരിയയിലേക്കുവരെ പ്രവേശിക്കുന്നത് സുരക്ഷസേനക്ക് തലവേദനയാകുന്നു. ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്ത് വരുന്നവര്‍ക്ക് പ്രവേശം നല്‍കുകയാണ് പതിവ്. ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റ് റദ്ദാക്കിയ വിവരം അറിയണമെങ്കില്‍ ചെക് ഇന്‍ ഏരിയയിലത്തെി അതത് വിമാനത്താവള കമ്പനിയുടെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ പരിശോധിക്കണം. ആറ് മാസത്തിനുള്ളില്‍ ഇത്തരത്തില്‍ റദ്ദാക്കിയ ടിക്കറ്റ് കാണിച്ച് നിരവധി പേരാണ് ടെര്‍മിനലിനകത്ത് കടന്നത്. ഏതെങ്കിലും കാരണവശാല്‍ ഇവരെ പിടികൂടിയാല്‍ തന്നെ കേസെടുത്താലും പരമാവധി അയ്യായിരം രൂപ വരെയാണ് പിഴ. കേസിന്‍െറ വകുപ്പനുസരിച്ച് മൂന്നുവര്‍ഷം വരെ തടവുശിക്ഷയും നല്‍കാം. എന്നാല്‍, തീവ്രവാദപ്രവര്‍ത്തനമുള്‍പ്പെടെ അനധികൃതമായി കടന്നയാള്‍ക്ക് എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടെന്ന് കണ്ടത്തെിയാല്‍ മാത്രമാണ് തടവുശിക്ഷ വിധിക്കാറുള്ളത്. ടെര്‍മിനലില്‍ തോക്കേന്തിയ ഒരു സി.ഐ.എസ്.എഫുകാരനും മറ്റൊരാളുമാണ് ഡ്യൂട്ടിക്ക് നില്‍ക്കാറ്. എന്നാല്‍, ചില സമയങ്ങളില്‍ തോക്കേന്തിയ ഒരു ഭടന്‍ മാത്രമെ ഉണ്ടാകാറുള്ളൂ. അതിനാല്‍ വിമാനത്താവള ടെര്‍മിനലിലേക്ക് യാത്രക്കാരും മറ്റും കടക്കുമ്പോള്‍ തോക്ക് താഴെവെച്ചുവേണം ടിക്കറ്റും മറ്റും പരിശോധിക്കാന്‍. ഇത് ഗുരുതര സുരക്ഷവീഴ്ചക്ക് ഇടവന്നേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തീവ്രവാദികളും മറ്റും അക്രമം നടത്തുന്നത് പലപ്പോഴും മനുഷ്യബോംബുകളായിവരെ എത്തിയാണ്. അതിനാല്‍ സുരക്ഷ സൈനികര്‍ സദാ തോക്കേന്തി ജാഗ്രതയോടെ നിലകൊള്ളണമെന്ന നിര്‍ദേശവും അവഗണിക്കപ്പെടുന്നു. കഴിഞ്ഞദിവസം സി.ഐ.എസ്.എഫിന്‍െറ ഡി.ഐ.ജി ഹര്‍ഫീദ് സിങ്ങിന്‍െറ സാന്നിധ്യത്തില്‍ വിമാനത്താവളത്തില്‍ വിവിധ സുരക്ഷ ഏജന്‍സികളുടെ യോഗം ചേര്‍ന്നു. തീവ്രവാദഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്തില്‍ കയറാന്‍ വൈകിയത്തെുന്നവരെയും മറ്റും കൂടുതലായി പരിശോധനക്ക് വിധേയരാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ ടെര്‍മിനലിനകത്ത് അനധികൃതമായി ആരെങ്കിലും കയറുന്നുണ്ടോയെന്ന് നിരന്തര നിരീക്ഷണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.