കുടിവെള്ളക്ഷാമം രൂക്ഷം: പെരിയാര്‍വാലി തുറക്കണമെന്ന ആവശ്യം ശക്തം

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വേനല്‍ ശക്തമായതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. പട്ടിമറ്റം, വെമ്പിള്ളി, പിണര്‍മുണ്ട, പെരിങ്ങാല, പള്ളിക്കര, പടിഞ്ഞാറെ മോറക്കാല തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. പ്രദേശത്തെ പല കുടിവെള്ള പദ്ധതികളും പെരിയാര്‍വാലി കനാലിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. എന്നാല്‍, ഒന്നരമാസം കഴിഞ്ഞിട്ടും പെരിയാര്‍വാലി കനാല്‍ തുറന്നുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല. പല സ്ഥലങ്ങളിലും അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. നവംബര്‍ അവസാനത്തിലോ ഡിസംബര്‍ ആദ്യമോ തീര്‍ക്കേണ്ട ജോലികള്‍ പല സ്ഥലത്തും അധികൃതരുടെ അനാസ്ഥമൂലം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പെരിയാര്‍വാലി തുറന്ന് വിടുകയാണെങ്കില്‍ ജില്ലയിലെ കിഴക്കന്‍ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയും. ചൂട് ശക്തമായതോടെ പലസ്ഥലങ്ങളിലും വാഴ, തെങ്ങ്, പച്ചക്കറി കൃഷികളും നശിക്കുകയാണ്. കുന്നത്തുനാട്, കിഴക്കമ്പലം, വടവുകോട് പുത്തന്‍കുരിശ്, ഐക്കരനാട്, മഴുവന്നൂര്‍, പൂതൃക്ക തുടങ്ങിയ പഞ്ചായത്തുകളും പെരിയാര്‍വാലിയെയാണ് കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്നത്. നേരത്തെ അമ്പലമേട് എഫ്.എ.സി.ടിയിലേക്ക് ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം തുറന്ന് വിടുമായിരുന്നു. എന്നാല്‍, എഫ്.എ.സി.ടി പ്രതിസന്ധിയിലായതോടെ വെള്ളത്തിന്‍െറ ആവശ്യം ഇല്ലാതായി. ഇതോടെ പെരിയാര്‍ വാലി കനാലിലെ അറ്റകുറ്റപ്പണികളും വൃത്തിയാക്കലും നടക്കാതായി. പെരിയാര്‍വാലി തുറന്നുവിടാതായത് മൂന്ന് പ്രാവശ്യം വെള്ളം പമ്പ് ചെയ്തിരുന്ന പല ഇറിഗേഷന്‍ പദ്ധതികളും ഒന്നായി ചുരുക്കി. ആഴ്ചയില്‍ ഒരു തവണയെങ്കിലും പെരിയാര്‍വാലി തുറന്ന് വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.