മഹാരാജാസ് കോളജ് : പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ ബന്ദിയാക്കി ഉപരോധം

കൊച്ചി: സ്വയംഭരണ പദവി ലഭിച്ച എറണാകുളം മഹാരാജാസ് കോളജില്‍ വനിതാ പ്രിന്‍സിപ്പലിനെ മണിക്കൂറോളം ബന്ദിയാക്കി വിദ്യാര്‍ഥി സമരം. സ്വയംഭരണ സംവിധാനത്തില്‍ മഹാരാജാസില്‍ നടന്ന ആദ്യ സെമസ്റ്റര്‍ പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചത്. ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച ഉപരോധസമരം വൈകീട്ട് നടന്ന ചര്‍ച്ചക്ക് ശേഷമാണ് അവസാനിച്ചത്. പരീക്ഷ വീണ്ടും നടത്തുന്നത് സംബന്ധിച്ച് 22ന് ചേരുന്ന കോളജ് ഗവേണിങ് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചതെന്ന് എസ്.എഫ്.ഐ. നേതൃത്വം അറിയിച്ചു. അതേസമയം വിദ്യാര്‍ഥി സമരത്തെ സംബന്ധിച്ച് പ്രതികരിക്കാനില്ളെന്ന് പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീന ‘മാധ്യമ’ത്തോട് പറഞ്ഞു. സ്വയംഭരണ പദവിയെ ചൊല്ലി ആഴ്ചകളോളം സമരം നടന്ന മഹാരാജാസില്‍ പദവി ലഭിച്ചതിനുശേഷം കഴിഞ്ഞ ഡിസംബര്‍ 10ന് നടന്ന ആദ്യ സ്വയംഭരണ സെമസ്റ്റര്‍ പരീക്ഷ വിദ്യാര്‍ഥികള്‍ ബഹിഷ്കരിച്ചിരുന്നു. ഒന്നാം സെമസ്റ്ററിലെ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീരും മുമ്പേയാണ് പരീക്ഷ നടത്തുന്നതെന്നാരോപിച്ചായിരുന്നു പരീക്ഷ ഇവര്‍ ബഹിഷ്കരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാസം ഇക്കാര്യത്തില്‍ കോളജ് അധികൃതരും യൂനിയന്‍ പ്രതിനിധികളും ഉള്‍പ്പെട്ട സമിതി യോഗം ചേര്‍ന്ന് പാഠ്യഭാഗങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നടത്താമെന്ന്് തീരുമാനിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍, വീണ്ടും പരീക്ഷ നടത്താമെന്ന തീരുമാനം പാലിക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച മുതല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. ഒന്നാം സെമസ്റ്ററിലെ പാഠഭാഗങ്ങള്‍ രണ്ടാം സെമസ്റ്ററിലെ വിദ്യാര്‍ഥികള്‍ പഠിപ്പിച്ചായിരുന്നു പ്രതീകാത്മക പ്രതിഷേധം. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുമെന്ന് പ്രിന്‍സിപ്പല്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ബുധനാഴ്ച വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥി നേതാക്കളും കോളജ് അധികൃതരും പങ്കെടുത്ത് നടത്തിയ ചര്‍ച്ചയില്‍ പരീക്ഷ വീണ്ടും നടത്തുന്ന കാര്യം 22 ന് നടക്കുന്ന കോളജ് ഗവേണിങ്ങ് കൗണ്‍സില്‍ ആലോചിക്കാമെന്ന് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. ചര്‍ച്ചയില്‍ കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമീഷണറും പങ്കെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.