മെട്രോ റെയില്‍: ഫാക്ട് യാര്‍ഡിലെ സമരം പിന്‍വലിച്ചു

കളമശ്ശേരി: ഫാക്ട് മെട്രോ യാര്‍ഡില്‍ രണ്ടുദിവസമായി തുടരുന്ന തൊഴില്‍ സമരം പിന്‍വലിച്ചു. യാര്‍ഡിലെ കരാറുകാരായ സോമ കണ്‍സ്ട്രക്ഷന്‍ പ്രതിനിധികളും തൊഴിലാളി പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം പിന്‍വലിച്ചത്. ഓരോ യൂനിയനുകളില്‍നിന്നും 14 പേരെ വീതം ജോലിക്ക് കയറ്റാമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് യാര്‍ഡിലെ നിര്‍മാണം സ്തംഭിപ്പിച്ചുകൊണ്ടുള്ള സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് യൂനിയനുകള്‍ സംയുക്തമായി പണിമുടക്ക് ആരംഭിച്ചത്. 250 ഓളം ഇതരസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന യാര്‍ഡില്‍ അനുപാതികമായി പ്രദേശവാസികളെ ജോലിക്ക് കയറ്റണമെന്നാണ് യൂനിയനുകള്‍ ആവശ്യപ്പെട്ടത്. മെട്രോയുടെ 12 ‘യു’ ഗാര്‍ഡുകളുടെ നിര്‍മാണമാണ് നടക്കുന്നത്. ഇത് 18 ആയി വര്‍ധിപ്പിക്കണമെന്നും ചര്‍ച്ചയില്‍ കരാറുകാര്‍ ആവശ്യപ്പെട്ടു. ഇതിന് ശ്രമിക്കാമെന്ന് യൂനിയന്‍ നേതാക്കള്‍ കരാറുകാര്‍ക്ക് ഉറപ്പുനല്‍കി. ഏലൂരില്‍ നടന്ന ചര്‍ച്ചയില്‍ സോമ കണ്‍സ്ട്രക്ഷന്‍ ഉദ്യോഗസ്ഥരായ വില്‍സനും ഗോവിന്ദ സിങ്ങും യൂനിയന്‍ നേതാക്കളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.