മാലിന്യം കയറ്റിയ ലോറി പിടികൂടാന്‍ ശ്രമിച്ച കൗണ്‍സിലറെ എ.എസ്.ഐ കൈയേറ്റം ചെയ്തു

കളമശ്ശേരി: റോഡരികില്‍ മാലിന്യം തള്ളാന്‍ വന്ന ലോറി പിന്തുടര്‍ന്നത്തെിയ നഗരസഭ കൗണ്‍സിലര്‍ക്കുനേരെ എ.എസ്.ഐയുടെ കൈയേറ്റം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത് സംഘര്‍ഷാവസ്ഥക്ക് ഇടയാക്കി. വല്ലാര്‍പാടം നാലുവരിപ്പാതയില്‍ തള്ളാന്‍ കൊണ്ടുവന്ന കക്കൂസ്മാലിന്യ ലോറി തടഞ്ഞ ഏലൂര്‍ നഗരസഭാ കൗണ്‍സിലര്‍ സാജന്‍ ജോസഫിനെയാണ് കളമശ്ശേരി ജനമൈത്രി സ്റ്റേഷനിലെ എ.എസ്.ഐ കൈയേറ്റം ചെയ്തത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മാലിന്യവുമായത്തെിയ ടാങ്കര്‍ ലോറി വല്ലാര്‍പാടം പാതയിലെ പുതിയ ആന വാതിലിനു സമീപം റോഡരികില്‍ തള്ളാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിലത്തെിയ രണ്ടുപേര്‍ ഇവരെ പിടികൂടാന്‍ ശ്രമിച്ചതോടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഡ്രൈവറെ പിടികൂടാന്‍ ശ്രമിച്ചതോടെ ഇയാള്‍ മുന്നിലിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ച് കളമശ്ശേരിയിലേക്ക് പാഞ്ഞു. വിവരമറിഞ്ഞ് കൗണ്‍സിലര്‍ സാജനും പിന്നാലെ കൂടി. അതോടെ, ഡ്രൈവര്‍ ലോറി കളമശ്ശേരി സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി. പിന്നാലെ എത്തിയ കൗണ്‍സിലറും സംഘവും വാഹനവും ഡ്രൈവറെയും ഏലൂര്‍ പൊലീസിനു കൈമാറണമെന്നാവശ്യപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് എ.എസ്.ഐ കൗണ്‍സിലറെ തള്ളി നിലത്തിട്ടത്. ഇതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സിജി ബാബു, വൈസ് ചെയര്‍മാന്‍ സുജില്‍, കൗണ്‍സിലര്‍മാരായ പി.എം. അബൂബക്കര്‍, ചാര്‍ളി ജെയിംസ്, ഉണ്ണികൃഷ്ണന്‍, കളമശ്ശേരി നഗരസഭാ കൗണ്‍സിലര്‍ അബ്ദുല്‍ സലാം എന്നിവര്‍ സ്റ്റേഷനിലത്തെി. സി.ഐ സി.ജെ. മാര്‍ട്ടിന്‍ സ്റ്റേഷനിലത്തെി അനുരഞ്ജന ശ്രമം നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. പിന്നീട് ഡ്രൈവര്‍ തോപ്പുംപടി തങ്ങള്‍ നഗര്‍ അജ്മലിനെ (25) ഏലൂര്‍ പൊലീസിനു കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.