അപ്രതീക്ഷിത ഹര്‍ത്താല്‍; വിദ്യാര്‍ഥികള്‍ പെരുവഴിയില്‍

വടുതല: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍െറ മരണവുമായി ബന്ധപ്പെട്ട് സി.പി.എം ചേര്‍ത്തലയില്‍ രാവിലെ 11ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നാട്ടുകാരുംവിദ്യാര്‍ഥികളും വലഞ്ഞു. രാവിലെ 10ന് ക്ളാസ് ആരംഭിച്ചശേഷം 11ആയപ്പോഴാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ സ്കൂള്‍ അടക്കുകയും വിദ്യാര്‍ഥികള്‍ പെരുവഴിയിലാവുകയും ചെയ്തു. ഹര്‍ത്താലായതിനാല്‍ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെച്ചു. വീട്ടിലത്തൊന്‍ മാര്‍ഗമില്ലാതെ വിദ്യാര്‍ഥികള്‍ വലഞ്ഞു. കത്തുന്ന വെയിലത്ത് മണിക്കൂറുകള്‍ അവര്‍ ബസ് കാത്തുനിന്നു. അവസാനം ചിലര്‍ വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി. മറ്റുചിലര്‍ വീടുകളിലേക്ക് ഫോണ്‍ ചെയ്ത് രക്ഷിതാക്കളെ വരുത്തി. ആണ്‍കുട്ടികള്‍ ബൈക്കിനും മറ്റുവാഹനങ്ങള്‍ക്കും കൈ കാണിച്ച് കയറിപ്പോയി. പെണ്‍കുട്ടികളാണ് മണിക്കൂറുകളോളം പൂച്ചാക്കല്‍, പാണാവള്ളി, പെരുമ്പളം, തൃച്ചാറ്റുകുളം, വടുതല തുടങ്ങി വിവിധ ബസ് സ്റ്റോപ്പുകളില്‍ കുടുങ്ങിയത്. പെരുമ്പളം ദ്വീപില്‍ പഠിക്കുന്നവരും ഹര്‍ത്താലില്‍ വലഞ്ഞു. വിദ്യാര്‍ഥികളുടെ കാത്തുനില്‍പ് കണ്ട നാട്ടുകാര്‍ അവരുടെ വാഹനത്തില്‍ ചിലരെ വീടുകളില്‍ എത്തിച്ചു. നെട്ടൂര്‍, ഇടക്കൊച്ചി, എരമല്ലൂര്‍, തുറവൂര്‍ തുടങ്ങി വിവിധ ഇടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെയാണ് അപ്രതീക്ഷിത ഹര്‍ത്താല്‍ കൂടുതല്‍ വലച്ചത്. രാവിലെ ആരംഭിച്ച ബസ് സര്‍വിസുകള്‍ പാതിവഴിയില്‍ അവസാനിപ്പിക്കച്ചു. സമരക്കാരുടെ വരവ് കണ്ട് ഓട്ടോ തൊഴിലാളികളും ഓട്ടം നിര്‍ത്തി. വാഹനങ്ങള്‍ തടയാന്‍ നേരിയ ശ്രമം നടക്കുകയും ചെയ്തു. രാവിലെ 11 ആയപ്പോള്‍തന്നെ അരൂക്കറ്റി, വടുതല തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ ചെറുകടി മുതല്‍ ഊണുവരെ എല്ലാം റെഡിയായതിനാല്‍ അരൂക്കുറ്റിയിലെ ഹോട്ടല്‍ ഉടമകള്‍ കട അടക്കാന്‍ തയ്യാറായില്ല. ഇതോടെ ചിലയിടത്ത് വാക്കുതര്‍ക്കമുണ്ടായി. മറ്റുകടകള്‍ 12ഓടെ അടച്ചു. പൂച്ചാക്കലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫിസ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പ് തുടങ്ങിയവ അടപ്പിച്ചു. സ്വകാര്യ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞതോടെ യാത്രക്കാരും പെരുവഴിയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.