തദ്ദേശ സ്ഥാപനങ്ങള്‍ ടാര്‍ നല്‍കുന്നില്ല: കരാറുകാര്‍ ടെന്‍ഡര്‍ ബഹിഷ്കരണം തുടരുന്നു

പറവൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ടാര്‍ വാങ്ങിനല്‍കാത്തതില്‍ പ്രതിഷേധിച്ച് കരാറുകാരുടെ ടെന്‍ഡര്‍ ബഹിഷ്കരണം തുടരുന്നു. ഒരാഴ്ചക്കകം മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ നടന്ന ഇ-ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ളവ കരാറുകാര്‍ ബഹിഷ്കരിച്ചു. കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍, കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് പറവൂര്‍-വൈപ്പിന്‍ മേഖലയിലെ കരാറുകാര്‍ ടെന്‍ഡറില്‍നിന്ന് വിട്ടുനിന്നത്. ചേന്ദമംഗലം, ഏഴിക്കര, കുഴുപ്പിള്ളി പഞ്ചായത്തുകളിലെ ടെന്‍ഡറും വ്യാഴാഴ്ച നടന്ന ചിറ്റാറ്റുകര, പള്ളിപ്പുറം പഞ്ചായത്തുകളിലേതും ബഹിഷ്കരിച്ചവയില്‍പെടുന്നു. ഇതുസംബന്ധിച്ച് ഇരുസംഘടനയുടെയും നേതൃത്വം തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 15 ലക്ഷം രൂപവരെ പ്രവൃത്തികള്‍ക്ക് അതത് പഞ്ചായത്തുകള്‍ ടാര്‍ നല്‍കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. നവംബര്‍ എട്ടിന് 30 ലക്ഷമാക്കി ഉയര്‍ത്തി ഗവ. ജോയന്‍റ് സെക്രട്ടറി വിജ്ഞാപനമിറക്കി. എന്നാല്‍, തദ്ദേശ സ്വയംഭരണ മേധാവികള്‍ മുഖവിലക്കെടുക്കാതെ മുന്നോട്ടുപോയതോടെയാണ് കരാറുകാര്‍ ബഹിഷ്കരണവുമായി രംഗത്തിറങ്ങിയത്. ബഹിഷ്കരണം തുടര്‍ന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ അലങ്കോലമാകും. ടാര്‍ വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സംഘടന ഭാരവാഹികള്‍ ജില്ല എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി. വരും ദിവസങ്ങളില്‍ പറവൂര്‍-വൈപ്പിന്‍ മേഖലയിലെ ടെന്‍ഡറുകളിലും ഇ-ടെന്‍ഡറിലും കരാറുകാര്‍ പങ്കെടുക്കരുതെന്ന് അസോസിയേഷന്‍ - ഫെഡറേഷന്‍ ഭാരവാഹികളായ എന്‍. മോഹനന്‍ നായര്‍, പി.ടി. സെബാസ്റ്റ്യന്‍, കെ.എസ്. ശ്രീനിവാസന്‍, വി.എസ്. രാജീവ് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.