ഏലൂര്‍: നിര്‍മാണം അന്തിമഘട്ടത്തിലുള്ള പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ട കേന്ദ്രമാകുന്നു. വിളക്കും സെക്യൂരിറ്റിയും ഇല്ലാത്തതിനാല്‍ പാലത്തിലെ ഷട്ടറിന് മുകളിലെ ഇരുമ്പ് പാലത്തില്‍ കയറിയിരുന്നാണ് കഞ്ചാവ് ഉപയോഗവും മദ്യപാനവും. ഇതുമൂലം സന്ധ്യയായാല്‍ ഇത് വഴിയുള്ള യാത്ര ഭീഷണിയായിരിക്കുകയാണ്. പാലത്തിന്‍െറയും അനുബന്ധ റോഡിന്‍െറയും നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ഏലൂര്‍ എടയാര്‍ മേഖലയിലുള്ള നിരവധി പേരാണ് കാല്‍നടയായി ഇതു വഴി കടന്നുപോകുന്നത്. രാത്രിയോടെ എത്തുന്ന സംഘം ഉപയോഗശേഷം മദ്യക്കുപ്പികള്‍ പുഴയിലേക്ക് വലിച്ചെറിയുകയും ചിലത് പാലത്തില്‍ തന്നെ തകര്‍ത്തതും കാണാം. 65 കോടിയോളം രൂപ മുടക്കി പാലം നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇലക്ട്രിക്കല്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാലാണ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, ഇത്രയും തുക ചെലവിട്ട പാലത്തില്‍ വെളിച്ചവും സെക്യൂരിറ്റി സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്കായിട്ടില്ല. ഇത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരി ഉപയോഗക്കാര്‍ക്കും സൗകര്യമായിരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അധികൃതരുടെ ശ്രദ്ധക്കുറവ് മൂലം പാലത്തില്‍ ഷട്ടര്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാപിച്ചിട്ടുള്ള പല ഉപകരണങ്ങളും നശിപ്പിച്ച നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.