ടൗണ്‍ഹാള്‍ നിര്‍മാണത്തിലെ അനാസ്ഥ: പ്രതിപക്ഷം ഇറങ്ങിപ്പോയി

പറവൂര്‍: രണ്ട് വര്‍ഷംമുമ്പ് ആരംഭിച്ച മുനിസിപ്പല്‍ ടൗണ്‍ഹാളിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതിലും തെരുവു വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താത്തതിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കൗണ്‍സിലില്‍നിന്നും ഇറങ്ങിപ്പോയി. നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. 2013 ല്‍ ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. കഴിഞ്ഞ നവംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇക്കഴിഞ്ഞ നവംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഒന്നര മാസത്തോളമായി വഴിവിളക്കുകള്‍ പലതും കത്തുന്നില്ല. അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി ക്വട്ടേഷന്‍ വിളിക്കാതെ നഗരസഭ ഉഴപ്പുകയാണ്. അറ്റകുറ്റപ്പണിക്കുള്ള ലൈറ്റുകളും മറ്റും ഇതേവരെ നഗരസഭയില്‍ എത്തിയിട്ടില്ളെന്നും പ്രതിപക്ഷം ആരോപിച്ചു. നഗരത്തിലെ മിക്ക കാനകളും മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്ന രീതിയിലാണ്. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മൂക്കുപൊത്തി നടക്കേണ്ട ഗതികേടാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കൗണ്‍സിലര്‍മാരായ കെ.എ. വിദ്യാനന്ദന്‍, കെ.എസ്. സുധാകരന്‍പിള്ള, ടി.വി. നിഥിന്‍, സി.പി. ജയന്‍, എസ്. ശ്രീകുമാരി, കെ.ജെ. ഷൈന്‍, സുനില്‍ സുകുമാരന്‍, കെ.ജി. ഹരിദാസന്‍, നബീസ ബാവ, കെ. രാമചന്ദ്രന്‍, ഷൈത റോയ് എന്നിവരാണ് ഇറങ്ങിപ്പോയത് . അതേ സമയം പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്ന് ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് കുറ്റപ്പെടുത്തി. പ്രതിപക്ഷം ഇറങ്ങിപ്പോയത് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്. ടൗണ്‍ഹാളിന്‍െറ എസ്റ്റിമേറ്റ് തുകയില്‍ ഒരുരൂപപോലും വര്‍ധിപ്പിക്കാതെ സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചെയറില്‍നിന്നുള്ള മറുപടിപോലും കേള്‍ക്കാതെയാണ് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയത്. 11,000 ട്യൂബ് ലൈറ്റുകളുള്ള നഗരസഭയില്‍ 100 എണ്ണം മാത്രമാണ് തെളിയാത്തത്. വെള്ളിയാഴ്ച ട്യൂബ് ലൈറ്റുകള്‍ എത്തുമെന്ന് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് പ്രതിഷേധം ഉയര്‍ത്തിയത്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്നതില്‍നിന്ന് പിന്മാറാന്‍ പ്രതിപക്ഷം തയാറാകണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.