ഡോര്‍ ഡെലിവറിയില്ല; റേഷന്‍ പഞ്ചസാര, ആട്ട വിതരണം നിലച്ചു

കോതമംഗലം: താലൂക്കില്‍ നവംബറിലെയും ഡിസംബറിലെയും റേഷന്‍ പഞ്ചസാര, ആട്ട വിതരണം തടസ്സപ്പെട്ടു. ക്വിന്‍റല്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്. സപൈ്ളകോ റേഷന്‍ കടകള്‍ വഴി നടത്തിവന്നിരുന്ന ഡോര്‍ ഡെലിവറി സമ്പ്രദായം നിര്‍ത്തലാക്കിയതാണ് വിതരണം തടസ്സപ്പെടാന്‍ കാരണം. രണ്ട് വര്‍ഷത്തോളമായി പഞ്ചസാരയും ആട്ടയും സപൈ്ളകോ റേഷന്‍കടകളില്‍ എത്തിച്ചുനല്‍കിയിരുന്നു. സപൈ്ളകോ പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി ഡോര്‍ ഡെലിവറി തുടങ്ങിയത് കോതമംഗലത്തായിരുന്നു. ഡെലിവറി നിര്‍ത്തലാക്കിയശേഷം ആട്ടയും പഞ്ചസാരയും ഗോഡൗണില്‍നിന്ന് കൊണ്ടുപോയി വിതരണം ചെയ്യാന്‍ റേഷന്‍ വ്യാപാരികള്‍ തയാറായിട്ടില്ല. വ്യാപാരികളും സപൈ്ളകോയും തമ്മിലെ ശീതസമരം ഉപഭോക്താക്കളെ വലച്ചു. പൊതുവിപണിയെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോള്‍. ഡിസംബര്‍ ആവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പഞ്ചസാരയുടെയും ആട്ടയുടെയും വിതരണം സുഗമമായി നടക്കില്ളെന്ന് ഉറപ്പായിരിക്കുകയാണ്. റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നവംബറിലെ അരി, മണ്ണെണ്ണ എന്നിവയുടെ വിതരണം തടസ്സപ്പെട്ടിരുന്നു. നവംബറിലെ വിഹിതവും ഡിസംബറില്‍ വിതരണം ചെയ്യുന്നതിനാണ് പൊതുവിതരണ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. പഞ്ചാസരയുടെയും ആട്ടയുടെയും വിതരണം എങ്ങനെ നടക്കുമെന്നത് സംബന്ധിച്ച് അധികാരികള്‍ക്ക് ഒരുരൂപവും കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. കടകളില്‍ എത്തിക്കുന്നതിനുള്ള പണം നല്‍കിയാല്‍ മാത്രമേ ഇവ വിതരണത്തിനെടുക്കൂവെന്ന നിലപാടിലാണ് വ്യാപാരികള്‍. പൊതുവിപണിയില്‍ വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടല്‍ ആവശ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.