സാമൂഹിക മാധ്യമ കൂട്ടായ്മയുടെ പരിശോധന , പെരുമ്പാവൂരില്‍ 22 ഭിക്ഷാടകരെ കണ്ടത്തെി

പെരുമ്പാവൂര്‍: ഭിക്ഷാടന മാഫിയക്കും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെതിരെയും ജാഗ്രത പുലര്‍ത്താന്‍ രൂപവത്കരിച്ച സാമൂഹിക മാധ്യമ കൂട്ടായ്മ പെരുമ്പാവൂരില്‍ നടത്തിയ പരിശോധനയില്‍ 22 പേരെ പിടികൂടി. നഗരസഭയുടെയും തെരുവോര പ്രവര്‍ത്തക അസോസിഷന്‍െറയും സഹകരണത്തോടെ പൊലീസ് സാന്നിധ്യത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു പരിശോധന. പ്രൈവറ്റ് സ്റ്റാന്‍ഡുകളുടെ പരിസരം, താലൂക്ക് ആശുപത്രിക്ക് സമീപത്തെ കെട്ടിടം, മുനിസിപ്പല്‍ കെട്ടിടങ്ങളുടെ സമീപത്തെ കടത്തിണ്ണകള്‍ എന്നിവിടങ്ങളില്‍നിന്നാണ് സ്ത്രീകളടക്കമുള്ളവരെ പിടികൂടിയത്. ഇവരെ തെരുവോര പ്രവര്‍ത്തക അസോസിയേഷന്‍ സെക്രട്ടറി തെരുവോരം മുരുകന്‍െറ നേതൃത്വത്തില്‍ സാമൂഹികനീതി വകുപ്പിന്‍െറ കീഴിലെ കാക്കനാട്ടെ തെരുവുവെളിച്ചം എന്ന സ്ഥാപനത്തിലേക്കും കൂവപ്പടി അഭയ ഭവനിലേക്കും മാറ്റി. രാത്രി എട്ടിന് ആരംഭിച്ച പരിശോധന പുലര്‍ച്ചെ ഒരു മണിക്കാണ് അവസാനിച്ചത്. ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന വാര്‍ത്ത വ്യാപകമായതോടെയാണ് സാമൂഹിക മാധ്യമ കൂട്ടായ്മക്ക് രൂപംകൊടുത്തതെന്ന് മുഖ്യ സംഘാടകനായ യൂസഫ് അന്‍സാരി പറഞ്ഞു. പരിശോധന ഇനിയും തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു. ഭിക്ഷാടന മാഫിയകളെ സംബന്ധിച്ചും ഇവര്‍ക്കൊപ്പം സംശയസാഹചര്യത്തില്‍ കാണുന്ന കുട്ടികളെ സംബന്ധിച്ചും വിവരം നല്‍കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ നിഷ വിനയന്‍, പ്രതിപക്ഷനേതാവ് ബിജു ജോണ്‍ ജേക്കബ്, കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മനോജ് മൂത്തേടന്‍, തെരുവോരം മുരുകന്‍, എല്‍ദോ ബാബു വട്ടക്കാവില്‍, കെ.ഇ. നൗഷാദ്, പി.എം. അസീസ്, നെല്‍സന്‍ പനക്കല്‍, ജബ്ബാര്‍ വാത്തേലി എന്നിവര്‍ നേതൃത്വം നല്‍കി. പ്രൈവറ്റ് സ്റ്റാന്‍ഡിലെ കച്ചവടക്കാരും ബസ് ജീവനക്കാരുമടക്കം നൂറുകണക്കിനാളുകളാണ് പരിശോധനയില്‍ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.