മഞ്ഞപ്പിത്തം: കലക്ടറും മന്ത്രിയും നെല്ലിക്കുഴിയില്‍

കോതമംഗലം: മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും നെല്ലിക്കുഴി സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സന്ദര്‍ശം. ആദ്യം ചെറുവട്ടൂര്‍ കാഞ്ഞിരത്തും വീട്ടില്‍ പരീക്കുഞ്ഞിന്‍െറ വീട്ടിലാണ് എത്തിയത്. തുടര്‍ന്ന് ചെറുവട്ടൂര്‍ ഓലി പോണാകുടി കുഞ്ഞുമുഹമ്മദിന്‍െറ വീടും നെല്ലിക്കുഴി പഞ്ചായത്ത് ഓഫിസിന് സമീപം തണ്ടിയേക്കല്‍ അലിയുടെ വീടും സന്ദര്‍ശിച്ചു. ആന്‍റണി ജോണ്‍ എം.എല്‍.എ, ഡി.എം.ഒ കെ.കെ. കുട്ടപ്പന്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും മഞ്ഞപ്പിത്ത ബാധയെ സംബന്ധിച്ച് പഠിക്കാന്‍ മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍നിന്നുള്ള ഒമ്പതംഗ വൈറോളജി സംഘം നെല്ലിക്കുഴി സന്ദര്‍ശിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാകുന്നതുവരെ കോതമംഗലം താലൂക്ക് ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷടപരിഹാരം നല്‍കുന്നതിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനുള്ള കാര്യവും പരിഗണിക്കും. ശുചിത്വ പരിപാലത്തിന് മുന്‍തൂക്കം നല്‍കി രോഗം പടരുന്നത് തടയാന്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേമസമയം, നെല്ലിക്കുഴി പഞ്ചായത്തില്‍ ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 263 ആയി. ആരോഗ്യ വകുപ്പിന്‍െറ ഊര്‍ജിത ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ദിവസവും രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. വ്യാഴാഴ്ച ഒമ്പതുപേര്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് പകര്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ച് 21 വാര്‍ഡുകളുള്ള പഞ്ചായത്തിലെ ഒരോ വാര്‍ഡിലും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ബോധവത്കരണവും രോഗം ബാധിച്ചവരെ കണ്ടത്തെലും നടന്നുവരുകയാണ്. ചെറുവട്ടൂര്‍ പി.എച്ച്.സി.യില്‍ ഇന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.