വൈപ്പിന്‍: നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്ത് ദിവസമായി നടത്തിയിരുന്ന ചെറായി ബീച്ച് ടൂറിസം മേള ഒറ്റ ദിവസമായി ചുരുക്കിയതായി സംഘാടക സമിതിഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനകീയ പങ്കാളിത്തത്തില്‍ ജില്ലയിലെ പ്രശസ്ത ബീച്ചായ ചെറായിയില്‍ 16 വര്‍ഷമായി നടന്നുവരുന്നതായിരുന്നു ടൂറിസം മേള. നോട്ട് നിരോധനത്തെതുടര്‍ന്ന് പൊതുവെ എല്ലാ മേഖലയിലും പ്രത്യേകിച്ച് മത്സ്യമേഖലയിലും ഉണ്ടായ പ്രതിസന്ധിയാണ് മേള വെട്ടിച്ചുരുക്കാന്‍ കാരണം. ജനകീയ ഉത്സവമായ മേളക്ക് എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും സംഭാവനകള്‍ ലഭിച്ചിരുന്നതാണ്. എന്നാല്‍, ഇത്തവണ അത് ലഭിച്ചില്ല. 31ന് വൈകുന്നേരം അഞ്ചിന് പതാക ഉയര്‍ത്തുന്നതോടെ മേളക്ക് തുടക്കമാകും. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം നടക്കും. രാത്രി ഒമ്പതിന് ഗാനമേളയും 12ന് പുതുവര്‍ഷത്തെ വരവേറ്റ് വെടിക്കെട്ടും ഉണ്ടാകും.സംഘാടക സമിതി ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. രാധാകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. സുഭാഷ്, പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് രമണി അജയന്‍, പഞ്ചായത്തംഗം കെ.കെ. ലെനിന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.