ഗതാഗത നിയന്ത്രണം ലംഘിച്ച കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു

ആലുവ: ഗതാഗത നിയന്ത്രണങ്ങള്‍ ലംഘിച്ച കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു. ഗതാഗത നിയന്ത്രണ പരിഷ്കരണത്തിന്‍െറ ഭാഗമായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡുവഴി പമ്പ് കവലയിലേക്ക് നേരിട്ട് പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് ലംഘിച്ച് പോകാന്‍ ശ്രമിച്ച ബസുകളാണ് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി തടഞ്ഞത്. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്‍െറ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സ്വകാര്യ ബസ്സ്റ്റാന്‍ഡ്, ബാങ്ക് കവല വഴി പമ്പ് കവലയിലൂടെ തിരിഞ്ഞു പോകണമെന്നാണ് ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് വരെ പിന്നോട്ടെടുപ്പിച്ച് ബസ് തിരിച്ചുവിട്ടു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ശാശ്വതമായ പരിഹാരം കാണുന്നതിന് സമിതി സംസ്ഥാന മനുഷ്യാവകാശ കമീഷന്‍, പൊലീസ്, നഗരസഭ, ജോ. ആര്‍.ടി.ഒ, കെ.എസ്.ആര്‍.ടി.സി, പൊതുമരാമത്ത് അധികൃതര്‍, ദേശീയപാത അധികൃതര്‍, കലക്ടര്‍, എം.എല്‍.എ എന്നിവരെ എതിര്‍ കക്ഷികളാക്കി പരാതി നല്‍കിയിരുന്നു. സമിതി ഭാരവാഹികളായ സാബു പരിയാരത്ത്, എ.വി. റോയി, വി.എക്സ്. ഫ്രാന്‍സിസ്, അസീസ് അല്‍ബാബ്, ദാവൂദ് ഖാദര്‍, സിജോ തറയില്‍, വിനില്‍ കുമാര്‍, ബഷീര്‍ പരിയാരത്ത്, പി.എം. ഫിറോസ്, ബാബു കുളങ്ങര, അബ്ദുല്‍ കരീം, മുഹമ്മദ് അസ്ലം, മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.