ഇടത് കൗണ്‍സിലര്‍മാരുടെ നിലപാട് നേതൃത്വത്തിന് തലവേദന

ആലുവ: മണപ്പുറം കൈമാറ്റ നീക്ക വിവാദവുമായി ബന്ധപ്പെട്ട ഇടതു കൗണ്‍സിലര്‍മാരുടെ നിലപാട് നേതൃത്വത്തിന് തലവേദനയാകുന്നു. കൗണ്‍സിലര്‍മാരടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളാണ് സ്റ്റേഡിയം നിര്‍മാണമെന്ന പേരില്‍ മണപ്പുറം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍. നഗരസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്ന പ്രതിപക്ഷത്തെ പ്രമുഖ കൗണ്‍സിലര്‍മാര്‍ സ്റ്റേഡിയം നിര്‍മാണത്തിന് കൂട്ടുനില്‍ക്കുന്നതാണ് നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്. മണപ്പുറവുമായി ബന്ധപ്പെട്ട് സമീപകാലത്തടക്കം ഇടതുപക്ഷം നഗരസഭയില്‍ എടുത്ത നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തേത്. സംഗീത പരിപാടിക്ക് മണപ്പുറം വാടകക്ക് നല്‍കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് നടുത്തളത്തിലിറങ്ങുകയും നഗരസഭ ചെയര്‍പേഴ്സണിനെയും ഭരണപക്ഷ അംഗങ്ങളെയും കൗണ്‍സില്‍ ഹാളില്‍ തടയുകയും ചെയ്തിരുന്നു. കലക്ടറുടെ ഉത്തരവ് പ്രകാരം മണപ്പുറം ശിവരാത്രി വ്യാപാരമേളക്കല്ലാതെ മറ്റൊരാവശ്യത്തിനും വിട്ടുനല്‍കാന്‍ കഴിയില്ളെന്ന് പറഞ്ഞാണ് പ്രതിപക്ഷം ഇതിനെ എതിര്‍ത്തത്. പരിപാടിക്ക് ഭരണപക്ഷം പണം കൈപ്പറ്റിയിട്ടുണ്ടെന്നുവരെ പ്രതിപക്ഷം ആരോപിച്ചു. ഇതിന്‍െറ ചൂടാറുംമുമ്പാണ് സ്റ്റേഡിയം നിര്‍മാണത്തിന്‍െറ മറവില്‍ മണപ്പുറം കൈമാറാനുള്ള നീക്കത്തിനൊപ്പം നിന്ന് പ്രതിപക്ഷം അപഹാസ്യരായിരിക്കുന്നത്. കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എല്‍.ഡി.എഫിന്‍െറ പ്രതിനിധികളായി നഗരസഭയിലെ പ്രതിപക്ഷനേതാവും സി.പി.ഐ കൗണ്‍സിലറുമടക്കമാണ് പങ്കെടുത്തിരുന്നത്. ആലുവക്കാരനായ യുവനടന്‍െറ സഹകരണത്തോടെ വടക്കേ മണപ്പുറത്ത് ക്രിക്കറ്റ്, ഫുട്ബാള്‍ ഗ്രൗണ്ട് നിര്‍മിക്കാമെന്ന നിര്‍ദേശമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. എന്നാല്‍, കളിസ്ഥലം നിര്‍മിക്കുന്നതില്‍ തെറ്റില്ളെന്നും കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ വടക്കേ മണപ്പുറത്ത് അനുവദിക്കില്ളെന്നും പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു. കളിസ്ഥലം വാടകക്ക് കൊടുക്കുന്നതിന് പദ്ധതിയുണ്ടെങ്കില്‍ അതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.